Timely news thodupuzha

logo

യു പ്രതിഭ എം.എൽ.എയ്ക്ക് ബി.ജെ.പി പിന്തുണ

ആലപ്പുഴ: കഞ്ചാവ് കേസിൽ യു പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് ഒൻപതാം പ്രതിയായി എഫ്.ഐ.ആർ. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഘത്തിൽ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും റിപ്പോർട്ടിലുണ്ട്. കനിവ് അടക്കമുള്ള ഒൻപതംഗ സംഘത്തെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ ജയരാജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഭവം വാർത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ എം.എൽ.എ രംഗത്തെത്തിയിരുന്നു.

മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിൻറെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നുമായിരുന്നു എംഎൽഎയുടെ വാദം. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിഭ എം.എൽ.എ പ്രതികരിച്ചിരുന്നു.

എഫ്.ഐ.ആർ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, പ്രതിഭയ്ക്ക് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിട്ടുണ്ട്.

പ്രതിഭയെ വളഞ്ഞിട്ട് സൈബർ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാനാവില്ലെന്നാണ് ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ ചരട് വലിച്ച കമ്മ്യൂണിസ്റ്റ് സാഡിസം അനീതിയും അപലപനീയവുമാണെന്നും അദ്ദേഹം പറയുന്നു.

സി.പി.എം നേതൃത്വത്തിൻറെ അറിവോടെ കഞ്ചാവ് കേസിൽ പ്രതിഭയുടെ മകനെ കുടുക്കിയതാണെന്നു താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും, പ്രതിഭ ഒരു എം.എൽ.എ മാത്രമല്ല, സ്ത്രീയും അമ്മയും കൂടിയാണെന്നും ഗോപാലകൃഷ്ണൻ. തൻറെ മകനെ ആയുധമാക്കിക്കൊണ്ട് തന്നെയും തകർക്കാനുള്ള രാഷ്ട്രീയ, മാധ്യമ ഗൂഢാലോചനയാണ് നടക്കുന്നതെന്നും പ്രതിഭ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചിരുന്നു. സംഭവത്തിൽ ഗോപാലകൃഷ്ണൻറെ പ്രതികരണം സി.പി.എം സംസ്ഥാന നേതാക്കൾക്കിടയിലും ആശയക്കുഴപ്പത്തിനു കാരണമാകുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *