തൊടുപുഴ: കാട്ടാനയെ ഓടിക്കാൻ ദിവസങ്ങളായി വനാതിർത്തിയിൽ കാവൽ നിൽക്കേണ്ടി വന്ന നിസ്സഹായരായ മനുഷ്യരുടെ വേദന മനസ്സിലാക്കാൻ ഇനിയെങ്കിലും ഭരണകർത്താക്കളും വനംവകുപ്പ് അധികൃതരും തയ്യാറാകണമെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്ക ണ്ടത്തിൽ ആവശ്യപ്പെട്ടു. മുള്ളരിങ്ങാട്ടെ അമർ ഇലഹിം എന്ന യുവാവിന്റെ ദാരുണമായ മരണം, വന്യ മൃഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വനം വകുപ്പ് പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്.
ഓരോ ദുരന്തം ഉണ്ടാകുമ്പോഴും, വെള്ളത്തിൽ വരച്ച വര പോലെ, വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ, ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ, ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ല എന്നുള്ളത് ഖേദകരമാണ്. അമറിന്റെ കുടുംബത്തിന് മനുഷ്യത്വപരമായ സഹായം നൽകുവാൻ, വനംവകുപ്പ് തയ്യാറാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. അടുത്ത കാലം വരെ കാട്ടാനശല്യം ഇല്ലാതിരുന്ന മുള്ളരിങ്ങാട് പ്രദേശത്തുനിന്നും കാട്ടാനകളെ പെരിയാറിന് മറുകരയിലുള്ള വനത്തിലേക്ക് തുരത്താനും അവിടെ ട്രെഞ്ചും ഫെൻസിങ്ങും സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും സർക്കാർ സത്വര നടപടി സ്വീകരിക്കണം.
പെരിയാറിന്റെ മറുകരയിൽ നിന്നും ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിച്ചാൽ കാഞ്ഞിരംവേലി, ചെമ്പൻകുഴി, നീണ്ടപാറ, പരീക്കണ്ണി, മുള്ളരിങ്ങാട്, ചാത്തമറ്റം, പുന്നമറ്റം എന്നീ പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമാകും.