Timely news thodupuzha

logo

മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇനി ഡബിൾ ഡക്കർ ബസ്

ഇടുക്കി: മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഡബിൾ ഡക്കർ ബസ് എത്തുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകൾ കാണാൻ പറ്റുന്ന രീതിയിൽ ഗ്ലാസ് പാനലിംഗ് നടത്തിയ ബസ്സ് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്. കെ.എസ്.ആർ.ടി.സി യുടെ ആർ എൻ765 (കെ എൽ 15 9050) ഡബിൾ ഡക്കർ ബസ്സാണ് മുന്നാറിലേക്ക് എത്തുന്നത്.

ബസ്സിൻ്റെ മുകൾ ഭാഗത്തും ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള സുതാര്യമായ ഗ്ലാസ്സ് പാനലുകൾ ടൂറിസ്റ്റുകൾക്ക് തേയില തോട്ടങ്ങളുടേയും കോടമഞ്ഞിന്റെയും മൂന്നാറിന്റെ പ്രകൃതി മനോഹാരിതയും നേരിട്ട് ആസ്വദിക്കുന്നതിന് സഹായകമാവും.ബസ്സിലെ രാത്രി യാത്രകൾ വ്യത്യസ്തമാക്കാൻ വിവിധ നിറങ്ങളിലുള്ള പ്രകാശസംവിധാനവും ഏർപ്പെടുത്തി.

ബസ്സിൻ്റെ മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് ഒരു സമയം യാത്ര ചെയ്യാം. യാത്രാസുഖത്തിനായി ആധുനിക രീതിയിലുള്ള സീറ്റുകളും ഒരുക്കിയിട്ടുണ്ട്.ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും ബസ്സിലാണ്. ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ ഈ പുതുവത്സര സമ്മാനം. കഴിഞ്ഞ ഏപ്രിലിൽ ഡബിൾ ഡക്കർ ബസ് സർവീസിൻ്റെ ട്രയൽ റൺ മൂന്നാറിൽ നടന്നിരുന്നു. ഈ മാസം രണ്ടാം വാരത്തോടെ മൂന്നാറിൽ സർവീസ് ആരംഭിക്കുന്നതിനാണ് എസ് ആർ ടി സി തയ്യാറെടുക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *