തിരുവനന്തപുരം: റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഇന്നു നിർവഹിക്കും. അതിദാരിദ്ര്യം നിർമാർജനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ റേഷൻ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് കൃത്യമായ റേഷൻ എത്തുന്നുവെന്ന കാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഗുണഭോക്താക്കൾക്ക് പദ്ധതിയിലൂടെ യാതൊരു സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്. ആദിവാസി ഊരുകളിൽ റേഷൻസാധനങ്ങൾ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഇതും നടപ്പാക്കുന്നത്.