കട്ടപ്പന: മർച്ചന്റ് അസോസിയേഷന്റെയും യൂത്ത് വിങ്ങിന്റെയും വനിതാ വിങ്ങിന്റെയും നേതൃത്വത്തിൽ നടക്കുന്ന
കട്ടപ്പന ഫെസ്റ്റ് നഗരിയിൽ ഇപ്പോൾ സുൽത്താനാണ് താരം. ആറ് വയസു മാത്രം പ്രായമുള്ള സുൽത്താൻ എന്ന ഭീമൻ ഒട്ടകത്തെ കാണുവാൻ നിരവധി ആളുകളാണ് എത്തുന്നത്. ചിലർ കൂടെ നിന്ന് ഫോട്ടോയെടുക്കും മറ്റു ചിലർ ഒട്ടകപ്പുറത്തേറി ഒരു ചെറിയ സവാരി.
കട്ടപ്പന ഫെസ്റ്റിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് സുൽത്താനുള്ളത്. വൈക്കോലും വെള്ളവുമാണ് പ്രധാന ഭക്ഷണം. എങ്കിലും സുൽത്താന് കൂടുതൽ ഇഷ്ടം ബിസ്ക്കറ്റും ഇഞ്ചി മിഠായിയുമാണ്. ഫെസ്റ്റ് നഗരിയിൽ എത്തുന്നവർ സുൽത്താന്റെ അടുത്ത് സമയം ചിലവഴിക്കാതെ മടങ്ങാറില്ല. ചിത്ര കഥകളിൽ മാത്രം വായിച്ചറിഞ്ഞ ഒട്ടകത്തെ അടുത്ത് കാണാൻ കഴിഞ്ഞതിന്റെ ആകാംഷയിലാണ് ഏവരും. രാമക്കൽമേട്ടിൽ നിന്നും ഫെസ്റ്റിന്റെ ഭാഗമായാണ് സുൽത്താൻ കട്ടപ്പനയിലെത്തിയത്. വലുപ്പം കൊണ്ട് അൽപം പേടിപ്പെടുത്തുമെങ്കിലും കുട്ടികളുടെ വരെ കൂട്ടുകാരനായി സുൽത്താൻ മാറിക്കഴിഞ്ഞു.