പത്തനംത്തിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടയവധിയിൽ തഹസിൽദാരിനോടും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരോടും വിശദീകരണം തേടി ജില്ലാ കലക്ടർ. ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് വിശദീകരണം ചോദിച്ചത്. കലക്‌ടറുടെ അന്തിമ റിപ്പോർട്ട് നാളെ ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറും. അവധിക്കായി അപേക്ഷ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.
അനധികൃതമായി അവധിയെടുത്തവർക്കും ഇത്രയധികം അവധി നൽകിയ തഹസിൽദാറിനുമെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി ചില സർവ്വീസ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് ഉല്ലാസ യാത്ര പോയത്ക വെള്ളിയാഴ്ചയായിരുന്നു.
60 ജീവനക്കാർ ഉള്ള ഓഫീസിൽ 21 പേർ മാത്രമാണ് ജോലിക്കെത്തിയിരുന്നത്. ഇതിൽ 20 പേർ അനധികൃതമായാണ് യാത്ര പോയതെന്നാണ് റിപ്പോർട്ട്. ഓഫീസിൽ ആളില്ലെന്ന വിവരം ലഭിച്ച എംഎൽഎ കെ യു ജനീഷ്കുമാർ തഹസിൽദാരെ ഫോണിൽ ബന്ധപ്പെട്ട ക്ഷുഭിതനാവുകയായിരുന്നു.