ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജിൽ എത്തിയ വിശ്വനാഥനെന്ന ആദിവാസി യുവാവിനെ പരിസരത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വലിയ വിവാദമായി മാറുകയാണ്. സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർ മോഷണക്കുറ്റം ചുമത്തി വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് പറയുന്നത്. “ആൾക്കൂട്ട വിചാരണ’ നടത്തിയവർ മർദിച്ചുകൊന്ന് വിശ്വനാഥനെ കെട്ടിത്തൂക്കിയതാണെന്നു കുടുംബം ആരോപിക്കുമ്പോൾ അത് അതീവ ഗൗരവമുള്ള വിഷയമായി മാറുകയാണ്. തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതായി പൊലീസ് അവകാശപ്പെടുമ്പോഴും കുടുംബം അവരുടെ നിലപാടിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല. മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു വിശ്വനാഥൻ എന്നും ചില അടുത്ത ബന്ധുക്കൾ പറയുന്നുണ്ട്.
വിശ്വനാഥൻറേത് ആത്മഹത്യയാണെങ്കിൽ തന്നെ അതിനു പിന്നിൽ സംഘം ചേർന്നുള്ള ചോദ്യം ചെയ്യലും മർദ്ദനവുമൊക്കെയാവാം എന്നതും ഗൗരവമുള്ള വിഷയം തന്നെയാണ്. ആദിവാസിയാണ് എന്നതിനാൽ മുൻവിധിയോടെ കുറ്റക്കാരനാക്കിയതിൻറെ അപമാനഭാരം വിശ്വനാഥനു സഹിക്കേണ്ടിവന്നിട്ടുണ്ടെങ്കിൽ അതും കണ്ടെത്തണം. വിശദമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാവേണ്ടതും സത്യം പുറത്തുവരേണ്ടതുമാണ്. കുറ്റക്കാരനാണെന്ന സംശയത്താൽ ജനക്കൂട്ടം തല്ലിക്കൊല്ലുന്ന സമ്പ്രദായം എന്തായാലും നമുക്ക് അംഗീകരിക്കാനാവില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൻറെ റിപ്പോർട്ട് പൂർണമായി തള്ളിയിരിക്കുകയാണു പട്ടികജാതി-പട്ടികവർഗ കമ്മിഷൻ എന്നതു ശ്രദ്ധേയമാണ്.
പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും നാലു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നു. ജാതീയമായ അസഹിഷ്ണുതയാണ് വിശ്വനാഥൻറെ ജീവൻ നഷ്ടപ്പെട്ടതിനു കാരണമെന്നാണ് കമ്മിഷൻ കണക്കുകൂട്ടുന്നത്. ഒരാൾ വെറുതേ പോയി ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം പ്രസക്തമാണ്. എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം കുട്ടി ജനിച്ചതിൻറെ സന്തോഷത്തിലായിരുന്ന സമയത്താണു വിശ്വനാഥൻ ജീവനൊടുക്കുന്നത്. സഹിക്കാൻ കഴിയാത്ത എന്തോ അതിനു പിന്നിലുണ്ടായിട്ടുണ്ട് എന്നു തന്നെയാണു കമ്മിഷൻ കരുതുന്നത്. അത് അന്വേഷിക്കാൻ പൊലീസിനു ചുമതലയില്ലേ എന്നതാണ് കമ്മിഷൻ ഉന്നയിക്കുന്ന ചോദ്യവും. കറുത്ത നിറമുള്ള ആളുകളെ കാണുമ്പോഴുള്ള മനോഭാവം മാറണമെന്നും കമ്മിഷൻ ഓർമിപ്പിക്കുന്നുണ്ട്. സംഭവത്തിൽ ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് അവർ ഡിജിപിയോടു നിർദേശിച്ചിരിക്കുന്നത്. കൽപ്പറ്റ അഡലെയ്ഡ് പാറവയൽ കോളനിയിൽ നിന്നുള്ള വിശ്വനാഥനെ മറ്റൊരാളുടെ മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടത് എടുത്തുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം മർദിച്ചതെന്നാണു കുടുംബാംഗങ്ങൾ പറയുന്നത്.
കുറ്റക്കാർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന ആവശ്യവും കുടുംബം ഉന്നയിക്കുകയുണ്ടായി. വിശ്വനാഥനെ കാണാതായപ്പോൾ തങ്ങൾ മൃതദേഹം കണ്ട പ്രദേശത്തു തിരഞ്ഞിരുന്നുവെന്നും അപ്പോൾ കാണാത്ത മൃതദേഹം പിന്നീട് അവിടെ എങ്ങനെ വന്നുവെന്നുവെന്നും ബന്ധുക്കൾ ചോദിക്കുന്നുണ്ട്. മുൻപ് മരത്തിൽ നിന്നു വീണ വിശ്വനാഥൻ വർഷങ്ങളായി മരംകയറാറില്ല. മരത്തിൽ കയറാൻ ഭയമായിരുന്നു. ഈ പറയുന്ന സാഹചര്യങ്ങളൊക്കെ സംശയങ്ങൾ വർധിപ്പിക്കുന്നതാണ്. അതൊന്നും പൊലീസിനു സംശയം തോന്നുന്നതല്ല എങ്കിൽ പൊലീസിനെക്കുറിച്ച് ജനങ്ങൾക്കു സംശയം ഉണ്ടാവുക തന്നെ ചെയ്യും. പരാതി നൽകിയപ്പോൾ കേസ് അന്വേഷിക്കുന്നതിനു പകരം പൊലീസ് പരാതിക്കാരെ ഭീഷണിപ്പെടുത്താനും നിരുത്സാഹപ്പെടുത്താനും ശ്രമിച്ചു എന്ന ആരോപണവും കണ്ണടച്ചു തള്ളേണ്ടതല്ല.