മുവാറ്റുപുഴ: ക്വാറിയിൽ നിന്നും പാറ പൊട്ടിക്കുന്നതിനിടയിൽ പാറക്കഷണം തെറിച്ച് വീണ് വീടിനു മുകളിൽ പതിച്ചു. ഒഴിവായത് വൻ അപകടം. കല്ലൂർക്കാട് പഞ്ചായത്തിൽ പത്താം വാർഡ് മണിയന്ത്രം ചാറ്റ് പാറയിലാണ് സംഭവം. ഇന്ന് രാവിലെ 10ന് തേവരോലിയിൽ സുരേഷ് ബാബുവിന്റെ വീടിനു മുകളിലെക്കാണ് കല്ല് വീണത്.
ഡ്രസ്സ് വർക്കിനും ഓടിനും ചുമരുകൾക്കും കേടുപാട് സംഭവിച്ചു. ഈ സമയത്ത് സുരേഷിന്റെ ഭാര്യ ഗീത മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. പുത്തൻപുരയ്ക്കൽ ജെയിസൻ്റെ എട്ട് ഏക്കർ വരുന്ന സ്ഥലത്ത് മൂന്ന് ഏക്കർ പുല്ലുവഴി ഷിജോ റ്റി പോളിന് കരാർ വ്യവസ്ഥയ്ക്ക് ക്വാറി നടത്താൻ കൊടുത്തിരിക്കുകയാണ്.


അഞ്ച് മാസമായി വൻ തോതിൽ പാറപൊട്ടിച്ച് വരുന്നു. ഇതുമൂലം റോഡ് തകർന്നത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ പ്രദേശവാസികൾ നൽകിയ കേസ് നിലനിൽക്കുന്നതിനിടയിലാണ് അപകടം നടന്നത്. വില്ലേജ് ഓഫീസ്, ജിയോളജിക്കൽ എന്നിവിടങ്ങളിൽ പരാതിയുമായി പോകുമെന്ന് വീട് ഉടമയും പ്രദേശവാസികളും പറഞ്ഞു. ഇവിടെ മനുഷ്യജീവന് എന്തുവിലയെന്ന ചോദ്യം ഉയർത്തി ഭീതിയിൽ കഴിയുകയാണ് നാട്ടുകാർ.