കോട്ടയം: മത വിദ്വേഷം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ പി.സി ജോർജിന് ജാമ്യം അനുവദിച്ചു. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജോർജ് ഡോക്റ്റർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്.
പ്രോസിക്യൂഷൻ എതിർത്തുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകൾ ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടിയെങ്കിലും ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
ജോർജിൻറെ ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജനുവരി അഞ്ചിന് ചാനൽ ചർച്ചയിൽ മുസ്‌ലീം വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസിലാണ് കോടതിയുടെ നടപടി.