ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈ അടക്കമുള്ള വടക്കൻ നഗരങ്ങളിൽ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ചെന്നൈയിൽ മാർച്ച് ഒന്ന് വരെ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ തെക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നു. വടക്കു കിഴക്കൻ മേഖലകളിൽ നിന്നുള്ള തണുത്ത കാറ്റാണ് തമിഴ്നാട്ടിൽ മഴയ്ക്ക് കാരണമാകുന്നത്. കാറ്റ് മൂലം അന്തരീക്ഷം സാധാരണയിൽ അധികമായി തണുക്കുമെന്നും മാർച്ച് നാല് മുതൽ സാധാരണ അന്തരീക്ഷത്തിലേക്ക് മടങ്ങുമെന്നും കാലാവസ്ഥ വിഭാഗം പറയുന്നു.
തൂത്തുക്കുടി, പുതുക്കോട്ടൈ, രാമനാഥപുരം, മധുരൈ തുടങ്ങി 10 ജില്ലകളിൽ ഫെബ്രുവരി 28 മുതലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മാർച്ച് 1 മുതൽ തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, വിരുധനഗർ എന്നിവിടങ്ങളിൽ മഴ പെയ്തേക്കും.