തൃശ്ശൂർ: ലൈഫ് മിഷൻ കോഴ കേസിൽ എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി സർക്കാർ ഏജൻസികളെ അന്വേഷണം തടസ്സപ്പെടുത്താൻ ചുമതലപ്പെടുത്തി. വസ്തുതകൾ പുറത്തു വരാതിരിക്കാൻ ആദ്യമേ പരിശ്രമിച്ചത് മുഖ്യമന്ത്രിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആട്ടിമറിച്ചു. മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ തട്ടിപ്പ് നടത്തില്ല.
അന്വേഷണം ആട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണം. എന്തിനാണ് സന്തോഷ് ഈപ്പൻറെ ഹർജിയിൽ സർക്കാർ കക്ഷി ചേർന്നത്?. സർക്കാരിന് ഇതിലുള്ള പങ്ക് വ്യക്തമാക്കണം. മുഖ്യമന്ത്രിയാണ് എല്ലാത്തിൻറേയും സൂത്രധാരൻ. പിണറായി വിജയന് ശിവശങ്കറിൻറെ അറസ്റ്റൊടെ ധാർമികമായി മുഖ്യമന്ത്രിയായി തുടരാൻ കഴിയില്ല. മുഖ്യമന്ത്രി രാജി വക്കണം. ഉപ്പു തിന്നവൻ വെള്ളം കുടിക്കും. രാഷ്ട്രീയമായി എതിരായതുകൊണ്ട് ആരെയും ഒരു അന്വേഷണ ഏജൻസിയും വേട്ടയാടില്ല.