കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. നൂൽപ്പുവ കാപ്പാട് ഉന്നതിയിലെ മനുവാണ്(45) മരിച്ചത്. സാധനങ്ങൾ വാങ്ങാനായി കടയിൽ പോയി മടങ്ങവെയായിരുന്നു കാട്ടാന ആക്രമണം. കേരള തമിഴ്‌നാട് അതിർത്തിയായ നൂൽപ്പുഴയിൽ വച്ചായിരുന്നു ആക്രമണം. കാട്ടാന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം.
രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കലക്‌റ്റർ വരാതെ മൃതദേഹം മാറ്റാനാവില്ലെന്ന് നാട്ടുകാർ പറഞ്ഞു.
തുടർച്ചയായ കാട്ടാന ആക്രമണങ്ങളിൽ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും ശാശ്വതമായൊരു പരിഹാരം വേണമെന്നും നാട്ടുകാർ പറയുന്നു. അതേസമയം, മരിച്ച മനുവിൻറെ ഭാര്യയെയും കാണാനില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഭാര്യയുടെ ഷാൾ മനുവിൻറെ മൃതദേഹത്തിൻറെ സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. യുവതിക്കായി തെരച്ചിൽ നടത്തുന്നുണ്ട്.