Timely news thodupuzha

logo

കട്ടപ്പന ഫയർ സ്റ്റേഷന് പുതിയ കെട്ടിടം: നാല് കോടി അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കട്ടപ്പന ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 4 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കട്ടപ്പനയുടെ ചിരകാല അഭിലാഷമായിരുന്ന ഈ ആവശ്യത്തിന് കഴിഞ്ഞ ബജറ്റിൽ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുക നീക്കിവച്ചിരുന്നു. തുടർന്ന് പൊതു മരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്ക് സമർപ്പിക്കുകയായിരുന്നു.

എസ്റ്റിമേറ്റ് അംഗീകരിച്ച് 4 കോടി രൂപയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകുകയായിരുന്നു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കട്ടപ്പന ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം എന്നത് ചിരകാല അഭിലാഷം ആയിരുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിൽ അമ്പലക്കവലയിലുള്ള ഇരുപത് സെന്റ് സ്ഥലത്താകും ഫയർ ആൻഡ് റെസ്‌ക്യു കട്ടപ്പന സ്റ്റേഷന് നിർമ്മിക്കുക. ഈ സ്ഥലം നഗരസഭ സൗജന്യമായി വിട്ട് നൽകുകയായിരുന്നു. 2015 ൽ കട്ടപ്പന ഗ്രാമ പഞ്ചായത്തായിരുന്ന കാലത്താണ് ഫയർ സ്റ്റേഷന് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം വിട്ടു നൽകുവാൻ സർക്കാർ ഉത്തരവായത്. പിന്നിട് 2021 ലാണ് സ്ഥലം വിട്ട് കൊടുത്തുകൊണ്ടുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.

1984 ലാണ് കട്ടപ്പനയിൽ ഫയർ സ്റ്റേഷൻ അനുവദിച്ചത്. സെന്റ് ജോൺസ് ആശുപത്രിയ്ക്ക് സമീപം താത്കാലിക സംവിധാനത്തിലായിരുന്നു പ്രവർത്തനം. പിന്നീട് 2003 ൽ ഐ ടി ഐ ജംഗ്ഷനിൽ പെട്രോൾ പമ്പിന് അരികിലും, തുടർന്ന് കോടതി സമുച്ചയത്തിന് എതിർവശത്തേയ്ക്കും പ്രവർത്തനം മാറ്റി. സ്വന്തമായി സ്ഥലമില്ലാതിരുന്നതിനാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം വാടകയ്‌ക്കെടുത്ത് താത്കാലിക നിർമ്മിതിയിലാണ് ഫയർ സ്റ്റേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നത്. പ്രകൃതി ക്ഷോഭങ്ങൾ അടക്കം കൂടുതൽ കാര്യക്ഷമമായി നേരിടുന്നതിന് പുതിയ കെട്ടിടം പ്രയോജനകരമാകും.

നേരത്തെ കട്ടപ്പന അഗ്നിരക്ഷാ നിലയത്തിനു പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളും അത്യാധുനിക ഫയർ എഞ്ചിനും മന്ത്രി റോഷി അഗസ്റ്റിൻ ലഭ്യമാക്കിയിരുന്നു. അഗ്‌നിരക്ഷാ സേനയ്ക്കു ഹൈറേഞ്ചിലെ യാത്രയ്ക്കാവശ്യമായ സൗകര്യങ്ങളോടു കൂടിയ വാഹനം ആണ് ലഭ്യമാക്കിയത്. അഗ്‌നിബാധാ അപകടങ്ങളിൽ ജലവും ഫോമും സ്‌പ്രേ ചെയ്യാവുന്ന പമ്പ്, വാഹനാപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങൾ, മരം വീണുണ്ടാകുന്ന റോഡ് ബ്ലോക്കുകളിലും മറ്റും ഉപയോഗിക്കാവുന്ന ചെയിൻസോ തുടങ്ങിയ ഉപകരണങ്ങൾ 50 ലക്ഷത്തോളം രൂപ വില വരുന്ന വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *