സാവോ പോളോ: മുൻ കാമുകൻറെ പങ്കാളിയെ കൊല്ലാനായി വീട്ടിലേക്ക് വിഷം പുരട്ടിയ ഈസ്റ്റർ മുട്ടകൾ സമ്മാനമായി അയച്ച് യുവതി. വിഷം പുരട്ടിയ ചോക്ലേറ്റ് മുട്ടകൾ കഴിച്ച 7 വയസുകാരൻ മരിച്ചു. 13 കാരിയായ പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്. ബ്രസീലിലെ മാരൻഹാവോയിലാണ് സംഭവം.
സംഭവത്തിൽ ജോർദേലിയ പെരേര എന്ന 35കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോർദേലിയയുടെ മുൻ കാമുകൻറെ ഇപ്പോഴത്തെ ജീവിത പങ്കാളിയായ മിറിയൻ ലിറയെ കൊല്ലാനായിരുന്നു ശ്രമം. പക്ഷേ ലിറയുടെ 7 വയസുള്ള മകൻ ലൂയിസ് സിൽവയാണ് കൊല്ലപ്പെട്ടത്. ഇതിനു മുൻപും ജോർദേലിയ മിറിയൻ ലിറയെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. മുൻ കാമുകൻ സന്തോഷത്തോടെ ജീവിക്കുന്നതിലുള്ള അസൂയയാണ് കൊലശ്രമത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു.
സൂപ്പർ മാർക്കറ്റിലേക്ക് വിഗും സൺ ഗ്ലാസും ധരിച്ചെത്തിയ യുവതി ചോക്ലേറ്റ് കൊണ്ടുള്ള ഈസ്റ്റർ മുട്ടകൾ വാങ്ങിയതായി സിസിടിവിയിൽ നിന്ന് വ്യക്തമാണ്.
പിന്നീട് വിഷം പുരട്ടിയതിനു ശേഷം ചോക്ലേറ്റ് ലിറയുടെ വീട്ടിലേക്ക് കൊറിയർ അയച്ചു. കൊറിയർ എത്തിയെന്ന് ലിറയുടെ വീട്ടിലേക്ക് ഫോൺ ചെയ്ത് ജോർദേലിയ ഉറപ്പിച്ചിരുന്നു. ചോക്ലേറ്റ് കഴിച്ച കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 7 വയസുകാരൻറെ ജീവൻ രക്ഷിക്കാനായില്ല. ലിറയുടെ മകളും ലിറയും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ നാട് വിടാൻ ശ്രമിച്ച ജോർദേലിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷം പുരട്ടിയ ചോക്ലേറ്റ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഇതിനു മുൻപ് ലിറ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സൗജന്യമായി മിഠായി വിതരണം ചെയ്യാനും ജോർദേലിയ ശ്രമിച്ചിരുന്നു. അന്ന് പക്ഷേ മിറ ജോലിക്ക് ഹാജരായിരുന്നില്ല.