തൊടുപുഴ: പാതിവില തട്ടിപ്പിനിരയായവരുടെ ഒരു യോഗം തൊടുപുഴയ്ക്ക് സമീപം കരിമണ്ണൂർ കുന്നപ്പിള്ളി ഓഡിറ്റോറിയത്തിൽ ചേർന്നു. തൊടുപുഴ ഇളംദേശം ബ്ലോക്കുകളുടെ കീഴിലുള്ള 350 ൽ പരം ആളുകൾ പങ്കെടുത്തു.പാതിവില തട്ടിപ്പിന്റെ തട്ടിപ്പ് വിഹിതം സംഭാവനയായോ,കൈക്കൂലിയായോ കൈപ്പറ്റിയുള്ള മുഴുവൻ ആളുകളിൽ നിന്നും അത് തിരിച്ചു പിടിക്കാൻ നടപടികൾ ഉണ്ടാകണമെന്നും,തട്ടിപ്പ് വിഹിതം സംഭാവനയായി കൈപ്പറ്റിയുള്ള വ്യക്തികളെയും രാഷ്ട്രീയപാർട്ടികളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും,തട്ടിപ്പ് കേസിൽ പങ്കാളികൾ ആയിട്ടുള്ള ഉന്നത സ്വാധീനമുള്ള വ്യക്തികൾക്കെതിരേയും നിയമനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ തുടർനടപടികൾ ചർച്ച ചെയ്തു തീരുമാനിക്കുന്നതിന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഓരോ പഞ്ചായത്തിൽ നിന്നും രണ്ടു വീതവും മുനിസിപ്പാലിറ്റിയിൽ നിന്ന് അഞ്ചും വീതം ആളുകളെ ആക്ഷൻ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുത്തു. ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ജനങ്ങളുടെ പണം തിരികെ ലഭിക്കുന്നതിന് ഒരുമിച്ചു നിൽക്കുവാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുവാനും തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ രക്ഷാധികാരിയായി അഡ്വക്കേറ്റ് ബേസിൽ ജോൺ, ചെയർപേഴ്സണായി ലിസി ബാബു, വൈസ് ചെയർമാനായി പി.എ സുധീർ, ട്രഷററായി നൂഹ് മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു.