ഹൈദരബാദ്: നാഗർകുർണൂൽ ടണൽ രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനം. വീണ്ടും മേൽക്കൂര ഇടിഞ്ഞ് ദുരന്തമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് രക്ഷാ പ്രവർത്തനത്തിൻറെ നാലാം ദിവസത്തെ ഈ തീരുമാനം.
പാറക്കെട്ടുകൾ ഇടിഞ്ഞ് താഴെ വീണ ഭാഗത്ത് കൂടുതൽ മലയിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തകർന്ന മേൽക്കൂരയുടെ ഭാഗങ്ങളിലൂടെ ഇപ്പോഴും വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നുണ്ട്.
ഇത് കാരണം ടണലിനകത്തെ വെള്ളത്തിൻറെയും ചെളിക്കെട്ടിൻറെയും നിരപ്പുയരുന്നു. ഇതുമൂലം ലോക്കോമോട്ടീവ് പ്രവേശനം ഏകദേശം 11.5 കിലോമീറ്ററായി കുറഞ്ഞു. അതായത് ഇന്നലത്തെക്കാളും ഏതാണ്ട് 2 മീറ്റർ വരെ വെള്ളത്തിൻറെയും ചെളിക്കെട്ടിൻറെയും നിരപ്പുയർന്നു. മുകളിലെ പാറക്കെട്ടുകൾ വീണ്ടും ഇടിഞ്ഞ് താഴെ വീഴാനുള്ള സാധ്യ തള്ളാനാകില്ലെന്ന് ജിഎസ്ഐ അറിയിച്ചു. ഇരുഭാഗങ്ങളിലൂടെ കുഴിച്ച് കുടുങ്ങിക്കിടക്കുന്നവർക്കരികിലെക്ക് എത്തുന്നതും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
എന്നാൽ ഇതും ഘടനാപരമായ പ്രശ്‌നങ്ങൾ ഉണ്ടാകാമെന്നും ചിലപ്പോൾ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ജീവൻ തന്നെ അപകടത്തിലാക്കും. ഓരോ മിനിറ്റിലും ഏകദേശം 3,200 ലിറ്റർ വെള്ളം തുരങ്കത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മണലും പാറയും അവശിഷ്ടങ്ങളും കൂടിച്ചേർന്ന് കൂടുതൽ ചെളി ഉണ്ടാകുന്നതായി എൽആൻഡ്ടിയുടെ ഓസ്‌ട്രേലിയൻ ടണൽ വിദഗ്ധനായ ക്രിസ് കൂപ്പർ പറഞ്ഞു. 350 ഓളം പേരടങ്ങിയ രക്ഷാദൗത്യസംഘമാണ് ടണലിനകത്ത് രാവും പകലുമായി രക്ഷാ പ്രവർത്തനം നടത്തുന്നത്.
ശനിയാഴ്ച രാവിലെയാണ് നാഗർകുർണൂലിൽ ടണൽ തകർന്നുണ്ടായ അപകടത്തിൽ 8 പേർ കുടുങ്ങിയത്. ഇതിൽ 2 എഞ്ചിനീയർമാർ, 2 ഓപ്പറേറ്റർമാർ, 4 തൊഴിലാളികൾ എന്നിവരും ഉൾപ്പെടുന്നു. ജാർഖണ്ഡിൽ നിന്നുള്ള സന്ദീപ് സാഹു, ജെഗ്ത സെസ്, സന്തോഷ് സാഹു, അനുജ് സാഹു, ഉത്തർപ്രദേശിൽ നിന്നുള്ള മനോജ് കുമാർ, ശ്രീ നിവാസ്, ജമ്മു കശ്മീരിൽ നിന്നുള്ള സണ്ണി സിംഗ്, പഞ്ചാബിൽ നിന്നുള്ള ഗുർപ്രീത് സിംഗ് എന്നിവരാണ് എന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.