കൊച്ചി: പാതിവില തട്ടിപ്പു കേസിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രിതിപട്ടിയിൽ നിന്നും ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. രാമചന്ദ്രൻനായർക്കെതിരേ നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
നടപടിക്രമങ്ങൾ പാലിച്ച് ജസ്റ്റിസ് രാമചന്ദ്രൻ നായരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കുന്നതാണെന്നും ഡിജിപികോടതിയെ അറിയിച്ചു. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിൻറെ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തതെന്ന് ഹർജിക്കാരായ അഭിഭാഷകർ ആരോപിച്ചിരുന്നു. വിഷയത്തിൽ സർക്കാരിനോടും പൊലീസിനോടും കോടതി റിപ്പോർട്ട് തേടിയതോടെയാണ് രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്നു ഒഴിവാക്കുമെന്നും അദ്ദേഹത്തിനെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചത്.