കണ്ണൂർ: പാപ്പിനിശേരിയിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 കാരിയാണെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കും. മരിച്ച കുഞ്ഞിൻറെ പിതൃ സഹോദരിയുടെ മകളാണ് കൊല നടത്തിയ പെൺകുട്ടി.
ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിൽ വലിച്ചെറിയുകയായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകി. മാതാപിതാക്കളില്ലാത്ത പെൺകുട്ടി മരിച്ച കുഞ്ഞിൻറെ മാതാപിതാക്കളുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ഇവർക്ക് ഒരു കുട്ടി ഉണ്ടായപ്പോൾ തന്നോടുള്ള സ്നേഹം കുറയുമോ എന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പെൺകുട്ടിയുടെ മൊഴി.
തങ്ങൾക്കൊപ്പം രാത്രി ഉറങ്ങിക്കിടന്ന കുഞ്ഞിനെ പിന്നീട് കാണാതാവുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. സഹോദരിയുടെ 12 വയസുകാരിയായ മകൾ വന്ന് പറയുമ്പോഴാണ് കുഞ്ഞിനെ കാണുന്നില്ലെന്ന് അറിഞ്ഞതെന്നും പിന്നീട് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കിണറ്റിൽ കണ്ടെത്തിയതെന്നുമാണ് മാതാപിതാക്കൾ പറഞ്ഞത്. തുടർന്ന് 12 കാരിയെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പെൺകുട്ടി കുറ്റം സമ്മതിച്ചു.
തമിഴ്നാട് സ്വദേശികളായ അഞ്ച് അംഗ കുടുംബം പാപ്പിനിശേരിയിൽ വാടക വീട്ടിലാണ് കഴിയുന്നത്. തമിഴ്നാട് സ്വദേശികളായ അക്കമ്മൻ-മുത്തു ദമ്പതികളുടെ മകൾ യാസികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.