മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷെബിൻ അഷ്റഫ്, രണ്ടാം പ്രതി ശിഹബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം തെളിഞ്ഞതോടെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയുടെ വിധി. മറ്റ് 9 പ്രതികളെ കോടതി വെറുതെ വിട്ടു.
ശിക്ഷാ വിധി ഈ മാസം 22ന്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പുറമേ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞു. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ച് കൊന്നുവെന്നായിരുന്നു കേസ്.
2019 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവത്തിന് തുടക്കം. ചികിത്സയ്ക്കെന്ന പേരിൽ ഷാബ ഷെരീഫിനെ ഒന്നാം പ്രതി ഷൈബിൻ അഷ്റഫും കൂട്ടാളികളും വീട്ടിൽ നിന്നും വിളിച്ചിറക്കുകയായിരുന്നു. മൂലക്കുരുവിൻറെ ഒറ്റമൂലി രഹസ്യം ചോർത്തുകയായിരുന്നു ലക്ഷ്യം.
ഇതിനായി ഒരു വർഷത്തിലധികം കാലം ഷാബ ഷെരീഫിനെ പ്രതികൾ നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ചു. രഹസ്യം വെളിപ്പെടുത്താഞ്ഞതോടെ ക്രൂരമർദനം തുടങ്ങി. മർദനത്തിനിടെ 2020 ഒക്‌ടോബർ 8 ന് ഷാബാ ഷെരീഫ് മരിച്ചു.
തുടർന്ന് പ്രതികൾ മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാർ പുഴയിലൊഴുക്കി. മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്താൻ പൊലീസിനായില്ല. അതിനാൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിൻറെ പിൻബലം കേസിന് ഇല്ലാതായി. എന്നാൽ പ്രതികളുടെ കാറിൽ നിന്നും ലഭിച്ച മുടിയുടെ ഡിഎൻഎ ഫലം അനുകൂലമായിരുന്നു. ഇതൊരു നിർണായക തെളിവായി.
മാത്രമല്ല കേസിൽ മാപ്പു സാക്ഷിയാക്കപ്പെട്ട ഏഴാം പ്രതി നൗഷാദിൻറെ സാക്ഷി മൊഴിയും കേസ് തെളിയിക്കുന്നതിൽ നിർണായകമായി. 13 പ്രതികളെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 2 പ്രതികളെ പിടികൂടാനായിരുന്നില്ല. ഒരാൾ മരണപ്പെട്ടതായാണ് വിവരം. മറ്റൊരാൾ ഇപ്പോഴും ഒളിവിലാണ്.