
തൊടുപുഴ: പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നുപോയ തൊടുപുഴ വഴിത്തല സ്വദേശി വിജു പൗലോസിന് വീടൊരുക്കി പുതുജീവിതം സമ്മാനിക്കുകയാണ് തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്റർ. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നുപോയ വിജുവിന് വീടെന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. ആ സ്വപ്നത്തിലേയ്ക്കാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട് സെന്റർ സുരക്ഷിത-ഭിന്നശേഷി മാതൃകാ ഭവനമൊരുക്കി കടന്നുചെല്ലുന്നത്. സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകൾ നിർമിച്ചു നൽകുന്ന മാജിക്ക് ഹോം പദ്ധതിയുടെ ഇടുക്കി ജില്ലയിലെ ഗുണഭോക്താവാണ് വിജു പൗലോസ്.
വീടിന്റെ താക്കോൽ ദാനം മാർച്ച് 27ന് നടക്കും. തൊടുപുഴ വഴിത്തല വള്ളിക്കെട്ടിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ യാത്രികനും മാധ്യമപ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങര ഗുണഭോക്താവിന് കൈമാറും. ചടങ്ങിൽ ഡിഫറന്റ് ആർട് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. വള്ളിക്കെട്ട് സ്വദേശിയാണ് മാജിക് ഹോം നിർമിക്കുന്നതിനുള്ള വസ്തു നൽകിയത്. ജെയ്‌സൺ ചെറുപുഷ്പമാണ് നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇരുവരും തങ്ങളുടെ സേവനങ്ങൾ സൗജന്യമായാണ് നിർവഹിച്ചത്.
ഡി.എ.സി യുടെ സംരംഭമായ മാജിക് ഹോംസ് – Making Accessible Gateways for Inclusive Kerala പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയിൽ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിർമ്മിച്ചു കൈമാറുന്നത്. ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികൾക്ക് അനുസൃതമായാണ് ഓരോ വീടും നിർമ്മിക്കുന്നത്. ഇത്തരത്തിൽ എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. ആദ്യവീടിന്റെ താക്കോൽദാനം കാസർഗോഡ് ഇരിയയിൽ കഴിഞ്ഞമാസം നടന്നിരുന്നു.
മാജിക് ഹോംസ് പദ്ധതിക്കു കീഴിൽ നിർമ്മിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകൾ മാതൃകയാക്കി സമാന മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകൾക്കും വ്യക്തികൾക്കും ഇതുപോലെയുള്ള വീടുകൾ നിർമിച്ചു നൽകാൻ പ്രചോദനമാകുമെന്ന് പദ്ധതിയുടെ സൂത്രധാരൻ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു.