ഇംഫാൽ: മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സന്ദർശിക്കാനായി സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിപ്പൂർ സന്ദർശിക്കുക. സംഘത്തിലെ ജസ്റ്റിസ് എൻ. കോടീശ്വർ സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുർ സന്ദർശിക്കില്ല.
അദ്ദേഹം മെയ്തി വിഭാഗത്തിൽ പെട്ട ആളായതിനാൽ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കുമെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. കലാപ ബാധിതർക്ക് നിയമസഹായം, മാനുഷിക സഹായം എന്നിവ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തുക എന്നതാണ് സംഘത്തിൻറെ ലക്ഷ്യം. മുൻപും മണിപ്പൂർ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ വനിതാ ജഡ്ജിമാർക്ക് സുപ്രീം കോടതി രൂപം നൽകിയിരുന്നു.