തിരുവനന്തപുരം: സിപിഎം 24-ാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയേറി. നഗരമധ്യത്തിലെ തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ മുതിർന്ന നേതാവ് ബിമൻ ബോസാണ് ബുധനാഴ്ച രാവിലെ 9.45 ഓടെ പതാക ഉയർത്തിയത്. നീണ്ട 52 വർഷത്തിനു ശേഷമാണു മധുരയിൽ പാർട്ടി കോൺഗ്രസ്.
വൈകീട്ട് ആറ് വരെയാണ് സമ്മേളനങ്ങളും യോഗങ്ങളും നടക്കുക. തുടർന്ന് 10.30 ഓടെ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഹാളിൽ പൊളിറ്റ്‌ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പാർട്ടി കോൺഗ്രസ് ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമുൾപ്പടെ കേരള നേതാക്കൾ മധുരയിലെത്തി.
മന്ത്രിമാരോടൊപ്പം ഉദ്യോഗസ്ഥരും എത്തിയതോടെ കേരളത്തിൻറെ ഭരണസിരാകേന്ദ്രം മധുരയായി മാറി. ഒരാഴ്ച പിണറായി തങ്ങുന്ന മാരിയറ്റ് ഹോട്ടലിലെ മുറി മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫിസ് ആയി പ്രവർത്തിക്കും. കനത്ത സുരക്ഷയിലെത്തിയ പിണറായിയെയും കുടുംബത്തെയും തമിഴ്നാട് സർക്കാർ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം, മധുര എംപി സു വെങ്കിടേശൻ എന്നിവർ പാർട്ടിക്ക് വേണ്ടിയും സ്വീകരണമൊരുക്കി. 80 നിരീക്ഷകരടക്കം 811 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാനത്തു നിന്നുള്ള 175 പ്രതിനിധികളാണ് മധുര പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. 75 വയസ് പ്രായപരിധി കർശനമായി തുടരാൻ ഈ പാർട്ടി കോൺഗസും തീരുമാനിച്ചാൽ കേരളത്തിൽ നിന്നുള്ള എ.കെ ബാലനും പി.കെ ശ്രീമതിയും കേന്ദ്ര കമ്മിറ്റിയിൽ നിന്നും പുറത്താകും.
കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ 75 വയസ് പിന്നിട്ട ഇരുവരെയും സംസ്ഥാന കമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയിരുന്നു.
2023ൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ രൂപീകരിച്ച 85 അംഗ കേന്ദ്ര കമ്മിറ്റിയിൽ നിന്നും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ബൃന്ദകാരാട്ടും പ്രായപരിധി നിബന്ധനയിൽ പുറത്താക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു ഉയർന്നു കേൾക്കുന്ന പേരുകളിൽ കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുമുണ്ട്.