തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. അൾട്രാവയലറ്റ് വികിരണത്തിൻറെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് കൊട്ടാരക്കര (കൊല്ലം ജില്ല), കോന്നി (പത്തനംതിട്ട ജില്ല), മൂന്നാൽ (ഇടുക്കി ജില്ല) എന്നിവിടങ്ങളിലാണ്. അൾട്രാ വയലറ്റ് സൂചിക 10 ആണ് രേഖപ്പെടുത്തിയത്. മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നൽകുന്ന ഓറഞ്ച് അലർട്ടാണ് ഇവിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, ചെങ്ങനാശേരി (9), പൊന്നാനി (9), ചെങ്ങന്നൂർ (9), എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ബേപ്പൂർ (7), തൃത്താല (7), കളമശേരി (6), വിളപ്പിൽശാല (6), ഒല്ലൂർ (6), മാനന്തവാടി (6) എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ചൂട് കൂടും; ആറ് ഇടങ്ങളിൽ ഓറഞ്ച് അലർട്ട്
