കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പിൻറെ നോട്ടീസ്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. മാർച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസിൽ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. ഈ മാസം 30നകം മറുപടി നൽകാനാണ് നിർദേശം. ഈ ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല.
എന്നാൽ സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. നിർമാണ് കമ്പനി എന്ന പേരിൽ വാങ്ങിയ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്നത്. വിശദീകരണം ചോദിച്ചിരിക്കുന്ന മൂന്ന് സിനിമകളും എമ്പുരാൻ വിവാദത്തിന് മുമ്പ് 2022ൽ പുറത്തിറങ്ങിയവയാണ്.
കഴിഞ്ഞ വർഷവും ആദായനികുതി വകുപ്പ് പൃഥ്വിരാജിൻറെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. മാസങ്ങളായി നടക്കുന്ന ആദായ നികുതി വിഭാഗത്തിൻ്റെ നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടിയെന്ന് ആദായനികുതി വിഭാഗം വ്യക്തമാക്കി.