തൃശൂർ: ശോഭാ സിറ്റിയിലെ സെക‍്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ജീപ്പ് ഇടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. കഴിഞ്ഞ മൂന്നാം തീയതിയാണ് പ്രതിക്ക് ഹൈക്കോടതി പരോൾ അനുവദിച്ചത്. വ‍്യവസ്ഥകൾ നിർദേശിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.
വ‍്യവസ്ഥ നിശ്ചയിച്ചതിനു ശേഷം 15 ദിവസത്തേക്കാകും പരോൾ. 2015ൽ ആയിരുന്നു സെക‍്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ പ്രതി മുഹമ്മദ് നിഷാം ജീപ്പ് ഇടിച്ച് കൊന്നത്. ശോഭാ സിറ്റിയിലെ താമസക്കാരനായ നിഷാം ജീപ്പിലെത്തിയപ്പോൾ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിലും ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായിയാണ് നിഷാം ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയും വീണ്ടും മർദിക്കുകയും ചെയ്തെന്നാണ് കേസ്.
പരുക്കേറ്റ് തൃശൂരിലെ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ചന്ദ്രബോസിൻറെ മരണം. 2016ൽ നിഷാം കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടർന്ന് തൃശൂർ അഡീഷണൽ കോടതി പ്രതിക്കെതിരേ ജീവപര‍്യന്തവും 24 വർഷം തടവും ശിക്ഷ വിധിച്ചിരുന്നു.