Timely news thodupuzha

logo

പാക്കിസ്ഥാനുമായി അതിർത്തി വഴിയുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക് നേതൃത്വത്തിൻറെയും ലഷ്കർ ഇ തൊയ്ബയുടെയും പങ്ക് കൂടുതൽ വ്യക്തമാകുന്നതിനിടെ പാക്കിസ്ഥാനെതിരേ കടുത്ത നടപടി സ്വീകരിച്ച് ഇന്ത്യ.

സിന്ധൂനദീജല കരാർ മരവിപ്പിക്കാനും അതിർത്തി വഴിയുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു.‌ അട്ടാരി അതിർത്തി അടയ്ക്കാനും പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചതായി മന്ത്രിസഭാ യോഗത്തിനുശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.

ഇന്ത്യയിലുള്ള മുഴുവൻ പാക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം. സാധുവായ വിസയുള്ളവർ മേയ് ഒന്നിനുള്ളിൽ മടങ്ങണം. ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലുള്ള പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയ കേന്ദ്ര സർക്കാർ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നിന്നു പ്രതിരോധ ഉദ്യോഗസ്ഥരെ പിൻവലിക്കുമെന്നും അറിയിച്ചു.

നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55ൽ നിന്നു 30ലേക്കു കുറച്ചു. പ്രതിരോധ നയം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ പരിശോധിക്കുന്ന ഉന്നത സമിതിയാണു സുരക്ഷാകാര്യ മന്ത്രിസഭാ സമിതി. പ്രധാനമന്ത്രി അധ്യക്ഷനായുള്ള സമിതിയിൽ പ്രതിരോധ, ആഭ്യന്തര, ധനകാര്യ, വിദേശകാര്യ മന്ത്രിമാരും അംഗങ്ങളാണ്.

26 പേരുടെ ജീവനെടുത്ത ഭീകരാക്രമണമുണ്ടായ പഹൽഗാമിലെ ബൈസരണിൽ ചൊവ്വാഴ്ച രാവിലെ ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തിയിരുന്നു. തുടർന്നു കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച അമിത് ഷാ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.

ശ്രീനഗറിൽ നിന്ന് അമിത് ഷാ തിരിച്ചെത്തിയശേഷമായിരുന്നു ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം. സൗദി അറേബ്യയിൽ നിന്നു തിരക്കിട്ടു മടങ്ങിയെത്തിയ പ്രധാനമന്ത്രി, രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചൊവ്വാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് അമിത് ഷായും രാജ്നാഥ് സിങ്ങും വ്യക്തമാക്കി. കൊല്ലപ്പെട്ട 26 പേരുടെയും ഭൗതിക ശരീരങ്ങൾ പോസ്റ്റ് മോർട്ടത്തിനുശേഷം ഡൽഹിയിലെത്തിച്ചു. തുടർന്ന് ജന്മനാടുകളിലേക്ക് അയച്ചു.

Leave a Comment

Your email address will not be published. Required fields are marked *