കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് ഒരാൾ മരിച്ചു. പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണ്(71) മരിച്ചത്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ എരുമക്കൊല്ലിയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അറുമുഖൻ മരിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു.
കാട്ടാന ശല‍്യം രൂക്ഷമായ സാഹചര‍്യത്തിൽ പ്രദേശത്ത് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവ സ്ഥലത്തെത്തിയ ഡിഎഫ്ഒ അജിത് രാമനെ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാനയെ മയക്കുവെടി വയ്ക്കാതെ അറുമുഖത്തിൻറെ മൃതദേഹം എടുക്കാൻ സമ്മത്തിക്കില്ലെന്നും മയക്കുവെടി വയക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ‍്യം.
പിന്നീട് ജില്ലാ കലക്റ്റർ ഇടപെടുകയും മയക്കുവെടി വയ്ക്കാനുള്ള കാര‍്യത്തിൽ പരിഹാരം കാണുമെന്നും വിഷയത്തിൽ വെള്ളിയാഴ്ചയോടെ തീരുമാനം കാണാമെന്നും ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ താത്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്.