ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഉത്തർപ്രദേശിൽ റെഡ് അലർട്ട്. സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും സംസ്ഥാന പൊലീസിൻറെ എല്ലാ ഫീൽഡ് യൂണിറ്റുകളോടും സുരക്ഷാസേനകളുമായി ഏകോപിപ്പിച്ച് പ്രവർത്തനം തടത്താനും യുപി ഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു.
എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത നിയന്ത്രണങ്ങളാണ് അതിർത്തി പ്രദേശങ്ങളിലുള്ളത്. പഹൽഗാം ഭീകരാക്രമണം നടന്ന് 15-ാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും 9 ഭീകരകേന്ദ്രങ്ങളിലായി പുലർച്ചെ 1.44 ഓടെ, 25 മിനിറ്റുകൾ നീണ്ട ശക്തമായ മിസൈൽ അക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്.
‘ഓപ്പറേഷൻ സിന്ദൂർ’ സർജിക്കൽ സ്ട്രൈക്കിൽ പാക്കിസ്ഥാനിലെ നാലും പാക് അധീന കശ്മീരിലെ അഞ്ചും ഭീകരതാവളങ്ങളാണ് ഇന്ത്യൻ സൈന്യത്തിൻറെ സംയുക്ത നടപടിയിൽ തകർത്തത്. ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ ആണ് തകർന്നതെന്ന് സേന വ്യക്തമാക്കി.