തിരുവനന്തപുരം: ഏജന്റുമാർ മുഖേനെ വ്യാജരേഖകളുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണ തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സി.എം.ആർ.ഡി.എഫെന്ന പേരിൽ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ഈ അഴിമതി തുടങ്ങിയിട്ട് കാലങ്ങളായി.
കളക്ടറേറ്റുകൾ വഴിയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എത്തുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയച്ച് പണം അക്കൗണ്ടിലേക്കിട്ട് കൊടുക്കും. ഇതുപോലെയാണ് പൈസ തട്ടിപ്പ് നടത്തിയിരിക്കുന്നത്. കളക്ടറേറ്റിലെ ഉദ്യോഗസഥരും അഴിമതിക്ക് കൂട്ടു നിന്നതായി വിജിലൻസ് വ്യക്തമാക്കി. സി.എം.ആർ.ഡി.എഫ് കൈകാര്യം ചെയ്യുന്നവരാണ് ഏജന്റുമാരുമായി ചേർന്ന് തട്ടിപ്പിന്റെ ഭാഗമായത്.