കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കുറ്റത്തിന് നടൻ മോഹൻലാലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിൻറെ ആവശ്യം വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതിയുടെ നിർദേശം. കേസ് റദ്ദാക്കാനാകില്ലെന്ന പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചിൻറെ നടപടി. വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും മോഹൻലാലും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2011ൽ എറണാകുളം തേവരയിലെ മോഹൻലാലിൻറെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയായിരുന്നു രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്ന് ആയിരുന്നു കോടതിയിൽ സർക്കാരിന്റെയും മോഹൻലാലിന്റെയും വാദം. കോടതി മോഹൻലാലിൻറെ ഹർജി തളളി സർക്കാരിൻറെ ആവശ്യം അംഗീകരിക്കുകയുമായിരന്നു. പ്രതികൾക്ക് പുനപരിശോധനാ ഹർജി നൽകാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹൻലാലിൻറെ ഹർജി നിരസിച്ചത്. സർക്കാരിൻറെ ആവശ്യത്തിൽ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും വിചാരണക്കോടതിയ്ക്ക് നിർദേശം നൽകി.