ന്യൂഡൽഹി: അദാനിക്കെതിരെയുള്ള ഹിൻഡൻബെർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്ന് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. എങ്കിലും ഓഹരി വിപണി അദാനിയെ തളർത്തി കളഞ്ഞു. ഇന്നും അദാനിയുടെ ഓഹരികളെല്ലാം നഷ്ടം നേരിടുകയാണ്. ഇതുവരെ വിപണിയിൽ നിന്നുണ്ടായ നഷ്ടം 11 ലക്ഷം കോടി കടന്നു. അതായത് 57 ശതമാനം. ജനുവരി 25നായിരുന്നു ഹിൻഡൻബർഗ് റിസർച്ച് വൻ വെളിപ്പെടുത്തലുകളുമായി അദാനിക്കെതിരായ റിപ്പോർട്ട് പുറത്ത് പുറത്ത് വിട്ടത്.
അതിന് തലേന്ന് അദാനിയുടെ ആകെ ഓഹരി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. റിപ്പോർട്ടിന് പിന്നാലെ ഓഹരി മൂല്യം കൂപ്പ് കുത്തി. ഒടുവിൽ അത് 8.2 ലക്ഷം കോടി രൂപയിലെത്തി നിൽക്കുന്നു. അദാനിയുടെ മുഖ്യ കമ്പനിയായ അദാനി എൻറെർപ്രൈസസ് അതിൻറെ ഏറ്റവും വലിയ ഉയരത്തിൽ നിന്ന് 61 ശതമാനമാണ് താഴേക്ക് പോയത്. പ്രധാന വരുമാന മാർഗമായ അദാനി പോർട്സും 40 ശതമാനം തകർച്ച നേരിട്ടു.