കണ്ണൂർ: നല്ല വിളയ്‍ക്കൊപ്പം നല്ല കളയുണ്ടാകുമെന്നും ഈ കളയെല്ലാം പാർട്ടി പറിച്ചു കളയുമെന്നും ആകാശ് തില്ലങ്കേരി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സൂചിപ്പിച്ചു. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം തുറന്നടിച്ചു.
കഴിഞ്ഞ ദിവസം, ശുഹൈബ് വധത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പരാമർശങ്ങൾക്ക് പി.ജയരാജനെ തന്നെ രംഗത്തിറക്കിയായിരുന്നു സി.പി.എം മറുപടി നൽകിയത്. തില്ലങ്കേരിയിലെ വിശദീകരണ യോഗത്തിൽ വച്ച് പി.ജയരാജൻ, പല വഴിക്ക് സഞ്ചരിക്കുന്നവരുമായി പാർട്ടിക്ക് ഒത്തുതീർപ്പില്ലെന്ന് പറഞ്ഞിരുന്നു.