കണ്ണൂർ: പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണ് ഷുഹൈബിനെ വധിച്ചതെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ നിയമസഭയിൽ ഉയർത്തി എം.എൽ.എ ടി.സിദ്ധിഖ് അടിയന്തര പ്രമേയത്തിന് നോട്ടീസ് സമർപ്പിച്ചു. എന്നാൽ സ്പീക്കർ അനുമതി നിഷേധിക്കുകയാണ് ചെയതത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തില്ലങ്കേരി സി.പി.എം ഒക്കത്തു വച്ചിരിക്കുന്ന പയ്യനാണ്. ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ചിരുന്നകാലത്ത് ഇടതു പക്ഷം ആരെ ചാരിയാണ് നിന്നിരുന്നതെന്നും ഇതിനെല്ലാം കാലം കണക്കു ചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചു.
സി.പി.എമ്മുകാരും മനുഷ്യരാണ്. അവർക്കും തെറ്റുപറ്റുമെന്ന് മുഖ്യമന്ത്രി വാദിച്ചു. കേസിൽ നിഷ്കളങ്കമായ അന്വേഷണമാണ് നടന്നതെന്നും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് തലശ്ശേരി കോടതിയുടെ പരിഗണനയിലാണ്. ഒരു ലക്ഷം ഫോൺ കോളുകൾ പരിശോധിച്ചു. കുറ്റ പത്രത്തിൽ 17 പേർ പ്രതികളായുണ്ട്. സി.പി.എം ഗുണ്ടകളുടെ തണലിലല്ലെന്നും അത്തരക്കാരെ സംരക്ഷിക്കുന്ന രീതി സി.പി.എമ്മിനില്ലെന്നുമുള്ള നിലപാടിൽ മുഖ്യമന്ത്രി ഉറച്ചു നിന്നു. തെറ്റുചെയ്തവരെ തിരുത്താൻ ശ്രമിക്കും. മുഖം നോക്കാതെയുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയവർക്ക് പാർട്ടിയോട് പകയുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.