Timely news thodupuzha

logo

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, സൈനികനെ കാണാതായി

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ 48 മണിക്കൂറിലെറെയായി തുടരുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികനെ കാണാതാവുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.

കൊകോരെനാഗിലെ വനങ്ങളിൽ നിന്നും ഭീകരരെ തുരത്താൻ സൈന്യവും ജമ്മു കാശ്മീർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിടെ 3 ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. കേണൽ മൻപ്രീത് സിങ്ങ്, 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ്ങ് ഓഫിസർ മേജർ ആശിഷ് ധോനാക്ക്, ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് മരിച്ചത്.

പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് നിലവിലെ നിഗമനം. കഴിഞ്ഞ ഓഗസ്റ്റ് നാലിന് കുൽഗാമിലെ ഹാലൻ വനപ്രദേശത്തും സൈനികർക്കും നേരെ ആക്രമണം ഉണ്ടായിരുന്നു.

അന്ന് ആക്രമിച്ച അതേ സംഘമാണ് അനന്ത്നാഗിൽ എത്തിയതെന്നാണ് കണ്ടെത്തൽ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഗാരോൾ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പക്ഷേ വൈകിട്ടോടെ വെടിവയ്പ്പ് നിർത്തി വച്ചു. ഭീകരരുടെ താവളവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചതോടെ ബുധനാഴ്ച രാവിലെ മുതൽ സൈനികർ തെരച്ചിൽ ആരംഭിച്ചു. കേണൽ സിങ്ങാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നത്.

ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് ലഭിച്ച വിവരങ്ങൾ കൃത്യമായിരുന്നു. പക്ഷേ അവരുടെ കൈവശം യുദ്ധസമാനമായ ആയുധശേഖരമാണുണ്ടായിരുന്നതെന്ന് സൈന്യം പറയുന്നു.

അതിർത്തി വഴി നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തുന്നതിനാൽ ഇന്ത്യയിലുള്ള വിദേശ ഭീകരരെയാണ് ആക്രമണത്തിനായി പാക്കിസ്ഥാൻ നിയോഗിക്കുന്നതെന്നും സൈനിക വൃത്തങ്ങൾ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *