കോഴിക്കോട്: കുറ്റ്യാടി – കോഴിക്കോട് സംസ്ഥാന പാതയിൽ ചെറിയ കുമ്പളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് കണ്ടക്‌റ്റർ അടക്കം 20 ഓളം പേർക്ക് പരുക്ക്. ബുധനാഴ്ച വൈകീട്ടോടെ ഉണ്ടായ അപകടത്തിൽ 13 ഓളം പേർക്ക് സാരമായി പരുക്കേറ്റതായാണ് വിവരം. ശാലു പനിക്കീഴിൽ (23), നാണു പുതിയോട്ടിൽ (79), സുമ ഏരൻതോട്ടം (50), നിഷ അമ്പലക്കുളങ്ങര (45), അഷ്‌റഫ് ബാലുശ്ശേരി (48), അബ്ദുസലാം കൂത്താളി (50), ചന്ദ്രൻ (60), കുഞ്ഞിക്കേളപ്പൻ നായർ (65), രമ്യ (37), സീമ (40), ചന്ദ്രൻ (60), നദീറ (45), അബ്ദുസലാം (60) എന്നിവർക്ക് സാരമായി പരുക്കേറ്റതായാണ് വിവരം.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജിലും മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന വൈറ്റ് റോസ് എന്ന സ്വകാര്യ ബസ് എതിർ ദിശയിൽ എത്തിയ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തെറ്റായ ദിശയിൽ വന്ന ബസ് ആദ്യം ഒരു കാറിൽ ഇടിച്ച ശേഷം പിന്നീട് ടോറസിലും ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. അപകടത്തെ തുടർന്ന് ഏകദേശം ഒരു മണിക്കുറോളം നേരം സ്ഥലത്ത് ഗതാഗത തടസമുണ്ടായി.