കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് വിജേഷ് പിള്ള. കേസ് ഒത്തുത്തീർപ്പാക്കാൻ താൻ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന വാദത്തെ അദ്ദേഹം പൂർണ്ണമായി എതിർത്തു. വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ചയാക്കാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിജേഷ് പിള്ള പ്രതികരിച്ചു. സ്വപ്നയുമായി രഹസ്യ ചർച്ച നടത്തിയിട്ടില്ല.
ഹോട്ടലിൽ പരസ്യമായിട്ടാണ് കണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദനെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂവെന്നും വിജേഷ് പിള്ള കൂട്ടിച്ചേർത്തു. മാത്രമല്ല സ്വപ്നയുടെ ആരോപണത്തെത്തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഇന്നലെ വിളിച്ചതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളെല്ലാം പിൻവലിച്ച് കേരളം വിടാനും ശിഷ്ടജീവിതം ഒളിമറയിൽ കഴിയാനും ഇടനിലക്കാർ തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തതായി സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസിലെ പ്രതി സ്വപ്ന സുരേഷ്. മുൻകൂട്ടി പറഞ്ഞ ശേഷം ഇന്നലെ വൈകിട്ട് ഫെയ്സ്ബുക്ക് ലൈവ് വീഡിയൊയിലാണ് സ്വപ്നയുടെ ആരോപണം. ഒരുവിധത്തിലുള്ള ഒത്തുതീർപ്പിനും താൻ വഴങ്ങില്ലെന്നും, അവസാനശ്വാസം വരെ പൊരുതുമെന്നും, മരിച്ചാലും തെളിവുകൾ അവിടെത്തന്നെയുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ ഗുരുതരമായ ആരോപണമാണു സ്വപ്ന ഇന്നലെ ഉന്നയിച്ചത്. ആയുസിനു ദോഷം വരുമെന്നു ഗോവിന്ദൻ പറഞ്ഞതായി ഇടനിലക്കാരൻ കണ്ണൂർ സ്വദേശിയായ വിജയ് പിള്ള തന്നോടു ബംഗളൂരുവിലെ ഒരു ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ പറഞ്ഞെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.