കോഴിക്കോട്: എലത്തൂർ ട്രയിനിൽ തീവെച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ ബാഗിൽ നിന്നും ലഭിച്ച ഡയറിയിൽ പലതവണ ഷാരൂഫ് സെയ്ഫി കാർപെന്‍ററെന്ന് എഴുതിയിരിക്കുന്നു. മറ്റുചില പേജുകളിൽ ഇതിന്‍റെ ചുരുക്ക പേരായ എസ്എസ്സി എന്നെഴുതി ലോഗോയും ചെയ്തിട്ടുണ്ട്.
ബുക്കിലെ ഓരോ പേജും തുടങ്ങുന്നത് ‘വാട്ട് ഡു ഐ ഹാവ് ടു ഡു ടുഡേ?’ എന്നാണ്. 50 പേജുകളുള്ള നോട്ട് ബുക്കിൽ തെറ്റില്ലാത്ത ഇംഗ്ലീഷിൽ മുഴുവൻ ഡയറിക്കുറിപ്പുകളാണ്. തനിക്ക് 500 രൂപയാണ് ദിവസം കൂലി ലഭിക്കുന്നതെന്നും അതിൽ തന്‍റെ ചെലവ് 132 രൂപയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നോയിഡയിലേയും ഇന്ദിര മാർക്കറ്റിലെയും ചില കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിയെന്നു സംശയിക്കുന്നയാളെ രണ്ടാഴ്ച മുൻപു തൃപ്പൂണിത്തുറ ഇരുമ്പനം പ്രദേശത്തു കണ്ടതായുള്ള രഹസ്യവിവരം ലഭിച്ചു. തുടർന്നു കേരള പൊലീസിന്‍റെ ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) തെളിവെടുപ്പു തുടങ്ങി.
ഇതോടെ ബ്രഹ്മപുരം തീപിടുത്ത വിഷയത്തിലും ഇയാൾക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലേക്ക് അന്വേഷണം നീളുകയാണ്.