ഇടുക്കി: മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആധുനിക പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കമിട്ടു. മാലിന്യ നിർമ്മാർജ്ജനത്തെ കേന്ദ്രീകരിച്ചാണ് പുതിയ പദ്ധതിയുടെ തുടക്കം. അതിനായി മാലിന്യങ്ങളെ കരിച്ചു കളയുന്ന ഇൻസിനറേറ്റർ നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയിലെ ആദ്യ ഇൻസിനറേറ്റർ ഇടുക്കി ജില്ലയിലേക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് ഐ.എ.എസ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴയിൽ നിന്ന് ഇടുക്കി ജില്ലയിലെ ഇൻസിനറേറ്റർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഏറ്റുവാങ്ങി. ജീവകാരുണ്യ പ്രവർത്തന രംഗത്ത് മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന കെയർ ആൻഡ് ഷെയറിന്റെ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം പല പദ്ധതികളിലായി ഏറ്റവും അത്യാവശ്യക്കാർക്ക് പ്രയോജനകരമാകുന്നുണ്ടെന്ന് കളക്ടർ അറിയിച്ചു.
കെയർ ആൻഡ് ഷെയറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇടുക്കി ജില്ലയിലെ തന്നെ വിവിധ പ്രദേശങ്ങളിൽ, വ്യത്യസ്ത തരം പദ്ധതികളിലൂടെ നടപ്പിലാക്കുന്നതും ഏറെ സന്തോഷകരമാണെന്നും കളക്ടർ അഭിപ്രായപ്പെട്ടു. ഇടുക്കി എ.ഡി.എം ഷൈജു ജേക്കബ്, ജേക്കബ് മാത്യു കോട്ടയം, കളക്ടറേറ്റ് ജീവനക്കാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.