ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻറെ വിജയം തെളിവുകൾ നിരത്തി വിശദീകരിച്ച് സേനാ നേതൃത്വം. ഡിജിഎംഒയുടെ നേതൃത്വത്തിൽ കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അസാധാരണ വാർത്താ സമ്മേളനത്തിൽ കഴിഞ്ഞ ഏഴു മുതൽ 10ന് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെയുള്ള പാക് പ്രകോപനത്തെയും തിരിച്ചടിയെയും സംബന്ധിച്ച് ലോകത്തിനു മുന്നിൽ വിശദീകരിച്ചു. ഭീകരക്യാംപുകളിലും പാക് വ്യോമതാവളങ്ങളിലും നടത്തിയ ആക്രമണങ്ങളും നാശനഷ്ടങ്ങളും ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടാണ് തുറന്നുകാട്ടിയത്.
പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി പ്രതിരോധിച്ചെന്നും മൂന്നു ഡ്രോണുകൾ മാത്രമാണ് ഇന്ത്യൻ മണ്ണിൽ പതിച്ചതെന്നും ഡിജിഎംഒ ലെഫ്റ്റനൻറ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഇവയ്ക്കു കാര്യമായ ഒരു ആഘാതവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം.
എന്നാൽ, പാക്കിസ്ഥാൻറെ നിരവധി വിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും ഇന്ത്യ തകർത്തു. ഭീകരർക്കു തിരിച്ചടി നൽകുക എന്നതായിരുന്നു നമ്മുടെ ലക്ഷ്യം. അതു നമ്മൾ നേടി. എയർ ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ എയർമാർഷൽ അവധേശ് കുമാർ ഭാരതി, നേവൽ ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.