Timely news thodupuzha

logo

മണിപ്പൂരിൽ ബി.ജെ.പി സർക്കാർ ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുനീക്കി

ഇംഫാൽ: മണിപ്പൂരിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ ബി.ജെ.പി സർക്കാർ പൊളിച്ചുനീക്കി. സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ചാണ് പള്ളികൾ സർക്കാർ പൊളിച്ചുനീക്കിയത്.

മണിപ്പൂരിലെ ആദിവാസി കോളനികളിലെ പള്ളികളായിരുന്നു പൊളിച്ചത്. കാത്തലിക്ക് ഹോളി സ്പിരിറ്റ് പള്ളി, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച് എന്നിവയാണ് പൊളിച്ചത്. സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കാനായുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പള്ളിപൊളിക്കുന്നതിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ധാക്കിയതിനെ തുടർന്നാണ് സർക്കാർ ഇവ പൊളിച്ചുനീക്കിയത്.

ജനസംഖ്യയുടെ 41 ശതമാനവും ക്രിസ്ത്യാനികളായ മണിപ്പൂരിൽ, പള്ളികൾ പൊളിച്ചുനീക്കിയ സംഭവത്തെ ക്രൈസ്തവ സംഘടനകൾ അപലപിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ അഭിപ്രായപ്പെട്ടു. ബിഹാറിൽ ഈസ്റ്റർ ആഘോഷത്തിനെത്തിയ മതനേതാക്കന്മാർക്കെതിരെ മതപരിവർത്തന ഭീഷണി ആരോപിച്ച് അക്രമമുണ്ടായ സംഭവത്തെയും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ അപലപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *