തിരുവനന്തപുരം: പതിനാലു വയസുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ ഗിരീഷിന് ഏഴു വർഷം തടവ്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ കുറ്റങ്ങൾക്കായി 26 വർഷം തടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. നാല് വകുപ്പുകളിലായിട്ടാണ് 26 വർഷം കഠിന തടവ്. പിഴത്തുക അടച്ചില്ലെങ്കിൽ നാലു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
മാനസിക പ്രശ്നങ്ങൾക്കായി കൗൺസിലിങ്ങിനെത്തിയ 14കാരനെ പീഡിപ്പിച്ചതാണ് ഗിരീഷിനെതിരെയുള്ള കുറ്റം. മണക്കാട് വീടിനോട് ചേർന്ന് നടത്തിയിരുന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ചായിരുന്നു പീഡനം. 2015 മുതൽ 2017 വരെ പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകിയിരുന്നു. അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പീഡനത്തെത്തുടർന്ന് കുട്ടിയുടെ മാനസികാരോഗ്യം കൂടുതൽ വഷളായി. 2019ൽ കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. നേരത്തെ മറ്റൊരു പോക്സോ കേസിൽ ഗിരീഷിനെ ആറു വർഷം ശിക്ഷിച്ചിരുന്നു.