മുംബൈ: എൻ.സി.പി നേതാക്കളാരും ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ. അതേസമയം, പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നവരെ ബി.ജെ.പി സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ രൂപീകരണത്തെ കുറിച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 16 വൈസ് പ്രസിഡന്‍റുമാരും ആറ് ജനറൽ സെക്രട്ടറിമാരും 16 സെക്രട്ടറിമാരും ഉൾപ്പെടെ 47 ഭാരവാഹികളാണുള്ളത്. 64 എക്‌സിക്യൂട്ടീവ് അംഗങ്ങളും 512 ക്ഷണിക്കപ്പെട്ട അംഗങ്ങളും 264 പ്രത്യേക ക്ഷണിതാക്കളും കമ്മിറ്റിയിലുണ്ട്.
‘ഏകദേശം 25 വർഷമായി പാർട്ടിയെ നയിക്കുന്ന ഒരാൾ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിക്കുമ്പോൾ അത് സ്വാഭാവികമാണ്. അതിനാൽ, സാധാരണ പാർട്ടി പ്രവർത്തകർക്കിടയിൽ ചില പ്രതിഷേധങ്ങളൊക്കെ ഉണ്ടാകും. ഒരു നേതാവും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല, ഞങ്ങളുടെ ഭാഗത്ത് നിന്ന് ആരും എൻസിപിയിലെ ആരെയും ബന്ധപ്പെട്ടിട്ടില്ല. എൻസിപിയിൽ നിന്ന് ആരും ഞങ്ങളുടെ പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടുമില്ല.ബാക്കിയുള്ള പ്രചരണങ്ങൾ വെറും ഊഹാപോഹങ്ങൾ മാത്രമാണ്’, അദ്ദേഹം പറഞ്ഞു.
അതേസമയം, മഹാ വികാസ് അഘാദിയുടെ (എംവിഎ) ഐക്യം തകർന്നു കൊണ്ടിരിക്കുകയാണെന്നും, വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും ബവൻകുലെ പറഞ്ഞു. ‘ജനങ്ങൾ ഉപേക്ഷിച്ച നേതാവാണ് ഉദ്ധവ് താക്കറെ. സ്വന്തം ജനതയെ ഒപ്പം നിർത്താൻ കഴിയാത്ത നേതാവ് സഖ്യം വിജയകരമായി നയിക്കുമെന്ന് കരുതുന്നത് എന്തൊരു മണ്ടത്തരമാണ്. അപ്പോൾ എംവിഎയ്ക്കുള്ളിലെ വിള്ളലുകൾ സ്വാഭാവികമായും ഉണ്ടാകും’, അദ്ദേഹം പറഞ്ഞു.