ഇംഫാൽ: മണിപ്പൂരിലെ ഭൂരിഭാഗം വരുന്ന മെയ്തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെച്ചൊല്ലി ഉണ്ടായ പ്രതിഷേധം ശക്തമാവുന്നു. പട്ടികജാതി പദവി നൽകുന്നതുമായി സംബന്ധിച്ച് ആദിവാസി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് മെയ്തി സമുദായത്തെ ഗോത്രവർഗത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഇതോടെയാണ് സംഘർഷത്തിന് തുടക്കമാവുന്നത്. മണിപ്പൂരിന്‍റെ ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തി വിഭാഗക്കാർ മണിപ്പൂർ താഴ്വരകളിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായാണ് മെയ്തി വിഭാഗം പറയുന്നത്. ഇന്നലെ ഇംഫാൽ, ചുരാചന്ദ്പുർ, കാങ്പോക്പി എന്നീ മേഖലകളിൽ സംഘർഷം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു.
കൂടാതെ സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ഇന്‍റർനെറ്റ് സേവനങ്ങളും നിരോധിച്ചിട്ടുണ്ട്. സംഘർഷം ശക്തമായ മേഖലകളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചിട്ടുള്ളതായി ഭരണകൂടം അറിയിച്ചു. ആക്രമണം തുടരുന്ന സാഹചര്യത്തിൽ ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതായി സൈന്യം അറിയിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലെ സൈനിക ക്യാമ്പിലേക്കും സർക്കാർ ഓഫീസുകളിലേക്കുമാണ് ആളുകളെ മാറ്റുന്നത്.