കൊച്ചി: കൊട്ടരക്കരയിൽ പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്‌ടർ വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. വസ്തുത വസ്തുതയായി പറയണമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കണം. പ്രതികളുടെ വൈദ്യ പരിശോധന സമയത്ത് സുരക്ഷ ഉറപ്പാക്കണമെന്നും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകുമ്പോഴുള്ള സുരക്ഷാ ഇവിടെയും പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
വന്ദന ഭയന്ന് നിന്നപ്പോൾ പൊലീസ് രക്ഷക്കെത്തിയില്ലേ? സന്ദീപിനെ പ്രൊസീജിയർ റൂമിൽ കയറ്റിയപ്പോൾ പൊലീസ് എവിടെയായിരുന്നു? എന്നും കോടതി ചോദിച്ചു. വന്ദനയ്ക്കു വേണ്ടി അന്വേഷണം നടത്തണമെന്നും ഇല്ലെങ്കിൽ ആത്മാവ് മാപ്പ് തരില്ലെന്നും കോടതി പറഞ്ഞു. പൊലീസിൻറെ ആത്മവീര്യം തകർക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞ എ.ഡി.ജി.പി മറുപടിയായി വ്യക്തികളെയല്ല, സംവിധാനത്തെയാണ് വിമർശിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
അക്രമണം നടന്ന് മൂന്നു മിനിറ്റിനകം പൊലീസ് സംഭവസ്ഥലത്തെത്തിയെന്നും പൊലീസിൻറെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും എ.ഡി.ജി.പി കോടതിയിൽ പറഞ്ഞു. താൻ കിണറ്റിൽ ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞ് പുലർച്ചെ 1.06 ന് വിളിച്ച സന്ദീപ് 3.49 ന് അയൽവാസി തന്ന കൊല്ലുമന്ന് പറഞ്ഞ് വീണ്ടും വിളിച്ചു. പിന്നാലെ സംഭവസ്ഥലത്തെത്തിയ പൊലീസ് പുലർച്ചെ 4.41 നാണ് പരിക്കേറ്റ സന്ദീപുമായി ആശുപത്രിയിലെത്തുന്നു. 4.53 ന് ഡ്രസിംഗ് റൂമിലെ ദൃശങ്ങൾ സന്ദീപ് വാട്സ്ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു.
മുറിവ് കെട്ടുന്നതിനിടയിൽ കാൽ താഴെയിടാൻ നേഴ്സ് ആവശ്യപ്പെട്ടു. സന്ദീപ് തയാറായില്ല, കൂടെ വന്നയാൾ ബലമായി കാൽ പിടിച്ച് താഴെയിടാൻ ശ്രമിച്ചു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമാസക്തനായത്. പുലർച്ചെ 4.53 വും 5.03 നും ഇടയിലാണ് സംഭവം അരങ്ങേറിയതെന്നും എ.ഡി.ജി.പി കോടതിയിൽ വിശദീകരിച്ചു.
ആദ്യം പ്രതി ബന്ധുവിനെ ആക്രമിക്കുകയും പിന്നാലെ കത്രികയെടുത്ത് പുറത്തുവന്ന ബിനുവിനെ കുത്തി. ഇത് കണ്ട് തടയാൻ വന്ന ഹോം ഗാർഡ് അലക്സിനും, പ്ലാസ്റ്റിക് കസേരകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച എ.എസ്.ഐ.മണിലാലിനും കുത്തേറ്റു. അക്രമം തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർക്കും കുത്തേറ്റു. ഇതിനിടെയിലായിരുന്നു വന്ദനയോടുള്ളക്രൂരത അരങ്ങേറിയതെന്നും എ.ഡി.ജി.പി കോടതിയിൽ പറഞ്ഞു.