ആൻ്റണി പുത്തൻപുരയ്ക്കൽ
നല്ല ഉറക്കം
ഓരോ രാത്രിയും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. അല്ലെങ്കിൽ ആവശ്യമെങ്കിൽ കൂടുതൽ സമയം ഉറങ്ങുന്നതും നല്ലതാണ്. മതിയായ ഉറക്കവും വിശ്രമവും നമ്മുടെ വാർദ്ധക്യം സാവധാനത്തിലാക്കാൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കുക
ശരാശരി മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. എന്തുകൊണ്ടെണ് നമ്മൾ ധാരാളം വെള്ളം കുടിക്കേണ്ടത്? മുതിർന്ന മനുഷ്യശരീരത്തിൽ 60 ശതമാനം വരെ വെള്ളമുണ്ട്. തലച്ചോറും ഹൃദയവും 73 ശതമാനം വെള്ളമാണ്. ശ്വാസകോശത്തിൽ ഏകദേശം 83 ശതമാനം വെള്ളമുണ്ട്. ചർമ്മത്തിൽ 64 ശതമാനവും പേശികളിലും വൃക്കകളിലും 79 ശതമാനം വെള്ളമാണ്.
പതിവായി വ്യായാമം ചെയുക
ദിവസേന കുറച്ച് വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. എല്ലാദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ ശരീരത്തിനും മനസ്സിനും പ്രയോജനകരമാണ്. ഓരോരുത്തരുടെ ശരീരത്തിനും ആരോഗ്യസ്ഥിതിക്കും അനുയോജ്യമായ ഏതെങ്കിലും വ്യായാമം ഓരോരുത്തർക്കും തെരഞ്ഞെടുക്കാം. ഇതുവഴി നാം നമ്മുടെ സന്ധികളേയും പേശികളേയും വഴക്കമുള്ളതും സമതുലിതവുമാക്കും. ഒട്ടനവധി രോഗങ്ങളെ അകറ്റി നിർത്തുന്നതിനും രക്തചംക്രമണം സുഗമമാക്കുന്നതിനും, ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുന്നതിനും വ്യായാമം അത്യന്താപേക്ഷിതമാണ്. ശാരീരിക വ്യായാമം നമ്മുടെ മസ്തിഷ്കത്തിന്റെ ആരോഗ്യം കൂട്ടാനും ഓർമ്മശക്തി നിലനിർത്താനും സഹായിക്കും. ശാരീരിക വ്യായാമത്തിന് സമയമില്ലെന്ന് കരുതുന്നവർ താമസിയാതെ, അല്ലെങ്കിൽ പിന്നീട് അസുഖത്തിന് സമയം കണ്ടെത്തേണ്ടിവരും.
നിങ്ങളുടെ ചർമ്മത്തെയും പല്ലിനെയും നന്നായി പരിപാലിക്കുക
രാവിലെയും വൈകുന്നേരവും മുഖം വൃത്തിയാക്കി സൂക്ഷിക്കുകയും, മറ്റു ശരീരം ഭാഗങ്ങൾ ഈർപ്പമുള്ളതാക്കി നിലനിർത്താനും സമയം കണ്ടെത്തണം. കാരണം, പ്രായമാകുന്തോറും നമ്മുടെ ചർമ്മത്തിൽ ചുളിവുകൾ വീഴുകയും വരളുകയും കനം കുറഞ്ഞതാവുകയും ഇലാസ്തികത കുറയുകയും ചെയ്യും. അതുപോലെ, അമിത സമയം സൂര്യപ്രകാശത്തിൽ ചിലവഴിക്കരുത്. കാരണം ഇത് ചർമ്മത്തിലെ ചുളിവുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു ഉറപ്പായ മാർഗമാണ്. ഇത് പിന്നീട് ത്വക്കിൽ കറുത്ത പാടുകൾ വീഴ്ത്താൻ കാരണമാകും.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
ധാരാളം മത്സ്യം, ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ദിവസും കഴിക്കുക.
അന്നജം അടങ്ങിയ ആഹാരങ്ങളുടെ അമിതമായ ഉപയോഗം ഒഴിവാക്കുക.
റൊട്ടി,, ചിപ്‌സ്, ബേക്കറി സാധനങ്ങൾ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. അമിതമായി ഭക്ഷണം കഴിക്കരുത്. ആവശ്യമെങ്കിൽ ജീവകങ്ങളും സംപൂരകങ്ങളും (supplements) പതിവായി കഴിക്കുക.
അതുപോലെ വർദ്ധിച്ച കലോറി ഉപയോഗവും ഒഴിവാക്കാണം. കൂടുതൽ പരിപ്പ്, മഞ്ഞൾ, സസ്യഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതും നല്ലതാണ്.
പുകവലി ഒഴിവാക്കുക
പുകവലിക്കുന്ന ആളുകൾക്ക് പത്തു വർഷം വരെ ആയുസ്സ് നഷ്ടപ്പെടുകയും ഒരിക്കലും സിഗരറ്റ് വലിത്താവരേക്കാൾ മൂന്ന് മടങ്ങ് അകാലത്തിൽ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് എല്ലാവർക്കും അറിവുള്ളതാണ്. പുകവലി ഉപേക്ഷിക്കാൻ ഒരിക്കലും വൈകിയിട്ടില്ലെന്നും ഓർക്കുക.
മദ്യപാനം മിതമാക്കുക
അമിതമായ മദ്യപാനം കരൾ, ഹൃദയം, ആഗ്നേയഗ്രന്ഥി (pancreas) രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗങ്ങൾ അകാല മരണത്തിനുള്ള സാധ്യത കൂട്ടും. എന്നാൽ, മിതമായ ഉപയോഗം നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതുമെന്നും കരുതുന്നു. നിങ്ങൾ സാധാരണയായി മദ്യം കഴിക്കുന്നില്ലെങ്കിൽ കുടിക്കാൻ തുടങ്ങേണ്ട ആവശ്യമില്ല.
ചിരിക്കുക, വിനോദിക്കുക
ചിരി നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നാലു വയസ്സുള്ള കുട്ടി ശരാശരി ഒരു ദിവസം നാനൂറ് പ്രാവശ്യം ചിരിക്കുന്നുണ്ട്. എന്നാൽ മുതിർന്ന ഒരാൾ ഒരു ദിവസം ശരാശരി നാല് പ്രാവശ്യം മാത്രമാണ് ചിരിക്കാറുളളു. ജീവിതത്തിൽ കൂടുതൽ ചിരിക്കുകയും വിനോദിക്കുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. കാരണം അത് നമ്മുടെ ആരോഗ്യവും യൗവനവും നിലനിർത്താൻ സഹായിക്കും. സന്തോഷം തോന്നുന്നത് നിങ്ങളുടെ ആയുർദൈർഘ്യം ഗണ്യമായി വർദ്ധിപ്പിക്കും. ജീവിതത്തിൽ സന്തുഷ്ടരായ വ്യക്തികൾക്ക് നേരത്തെയുള്ള മരണത്തിൽ 3.7% കുറവുണ്ടായതായി പഠനങ്ങൾ തെളിയിക്കുന്നു.
നല്ല സൗഹൃദങ്ങൾ കണ്ടെത്തുക
നല്ല സൗഹൃദങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജീവിതത്തെ ഭാവാത്മകമായി കാണുന്ന വ്യക്തികളുമായുളള ബന്ധമാണ്. ജീവിതത്തെ നിഷേധാത്മകമായി കാണുകയും എല്ലാറ്റിലും കുറ്റവും കുറവും കണ്ടെത്തുകയും എപ്പോഴും നിരാശയോടെ സംസാരിക്കുകയും ചെയ്യുന്ന ആളുകളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുന്നു നല്ലതാണ്. നാം അറിയാതെ അവരിലെ നിഷേധാത്മകത്വം നമ്മിലേക്കും പ്രവേശിക്കും. അതിനാൽ വാർദ്ധക്യകാല സൗഹൃദങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നമ്മൾ പ്രത്യേകം ശ്രദ്ധാലുക്കളായിരിക്കണം. ഇത്തരക്കാരെ പൂർണ്ണമായും നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം എന്നല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അവരിൽ നിന്നും അല്പം അകലം പാലിക്കണം എന്നുമാത്രമാണ് ഉദ്ദേശിക്കുന്നത്.
സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുക
ഉത്കണ്ഠയും സമ്മർദ്ദവും നിങ്ങളുടെ ആയുസ്സ് ഗണ്യമായി കുറക്കും. ഉദാഹരണത്തിന്, സമ്മർദ്ദമോ ഉത്കണ്ഠയോ ഉള്ള സ്ത്രീകൾ ഹൃദ്രോഗം, ആഘാതം അല്ലെങ്കിൽ ശ്വാസകോശ അർബുദം എന്നിവയാൽ മരിക്കാനുള്ള സാധ്യത രണ്ടിരട്ടി വരെ കൂടുതലാണ്. അതുപോലെ, ഉത്കണ്ഠാകുലരായ അല്ലെങ്കിൽ സമ്മർദ്ദത്തിലായ പുരുഷന്മാർക്ക് അകാല മരണത്തിനുള്ള സാധ്യത അവരുടെ കൂടുതൽ ശാന്തരായ സുഹൃത്തുക്കളെ അപേക്ഷിച്ച് മൂന്നിരട്ടി വരെ കൂടുതലാണ്. നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ചിരിയും ശുഭാപ്തിവിശ്വാസവും വർദ്ധിപ്പിക്കുക. അതുപോലെ അവധാനപൂർവ്വ ധ്യാനവും പരിശീലിക്കുക.
നിങ്ങളുടെ സാമൂഹ്യ ബന്ധം പരിപോഷിപ്പിക്കുക
ആരോഗ്യകരമായ സാമൂഹ്യ ബന്ധം നിലനിർത്തുന്നത് അൻപതു ശതമാനം വരെ കൂടുതൽ കാലം ജീവിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഹൃദയം, മസ്തിഷ്കം, ഹോർമോൺ, രോഗപ്രതിരോധ പ്രവർത്തനം എന്നിവയിലെ നല്ല മാറ്റങ്ങളുമായി പഠനങ്ങൾ ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങളുമായി ബന്ധിപ്പിക്കുന്നു.
മറ്റുള്ളവരെ സഹായിക്കാൻ സമയം കണ്ടെത്തുക
മറ്റുള്ളവർക്ക് പിന്തുണ നൽകുന്നത് അല്ലെങ്കിൽ സഹായിക്കുന്നത് സഹായം സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ പ്രയോജനകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പരിചരണവും സഹായവും സ്വീകരിക്കുമ്പോൾ അതിൽ കൂടുതൽ അവർക്കും മറ്റുള്ളവർക്കും തിരികെ നൽകുന്നത് ഉറപ്പാക്കുക. കൂടുതൽ സന്നദ്ധ സേവനത്തിനുള്ള ഒരു മനസ്സ് തീർച്ചയായും നമ്മളിൽ സൃഷ്ടിക്കുന്നത് നമ്മുടെ സന്തോഷത്തിനും ദീർഘായുസ്സിനും ആവശ്യമാണ്.






