വാഴത്തോപ്പ്: കേരള സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ
നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സർവ്വേ വളണ്ടിയർമാർക്ക് പരിശീലനം നൽകി.
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി പ്രസിഡൻ്റ് ജോർജ്ജ് പോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി ജേക്കബ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജിചാക്കോ സ്വാഗതം പറഞ്ഞു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം പദ്ധതി വിശദീകരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ജോസഫ് മാത്യു, എ ബിൻ ജോർജ്ജ് എന്നിവർ ക്ലാസുകൾ നയിച്ചു.
കൈറ്റിൻ്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ 14 വർഡുകളിൽ നിന്നായി 85 ഓളം സർവ്വേ വളണ്ടിയർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഇവരുടെ നേതൃത്വത്തിൽ ഈ മാസം 25 ഓടെ പഠിതാക്കളെ കണ്ടെത്താൻ എല്ലാ വാർഡുകളിലും ഡിജിറ്റൽ സർവ്വേ സംഘടിപ്പിക്കും.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇടുക്കി ജില്ലയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്താണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും കൈറ്റും ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഠിതാക്കളെ കണ്ടെത്താൻ ഡിജിറ്റൽ സർവ്വേ സംഘടിപ്പിക്കും. സാധാരണ ജനങ്ങളെ ഡിജിറ്റൽ മേഖലയിൽ പ്രാഥമിക അവബോധമുള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടർ ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ മറ്റു സാമൂഹ്യമാധ്യമങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പഠിതാക്കൾക്ക് കുറഞ്ഞത് 10 മണിക്കൂർ നേരം ക്ലാസുകൾ നൽകും.
സാധാരണക്കാർക്ക് നിത്യജീവിതത്തിൽ ഇൻറർനെറ്റിന്റെ സാധ്യതകൾ മനസ്സിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കും.
വാഴത്തോപ്പിൽ നടത്തിയ പരിശീലന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഏലിയാമ്മ ജോയി, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആലിസ് ജോസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെലിൻ വിൽസൻ, ടിന്റു സുഭാഷ്, നിമ്മി ജയൻ, പ്രഭാ തങ്കച്ചൻ, നൗഷാദ്. ടി ഇ, രാജു ജോസഫ്, അജേഷ് കുമാർ പി.വി, സെക്രട്ടറി ആനന്ദ്.ജെ, സാക്ഷരതാ മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ ജെമിനി ജോസഫ്, വിനു.പി.ആൻ്റണി, സീമ എബ്രാഹം, സരുൺകുമാർ.കെ.എസ് എന്നിവർ പങ്കെടുത്തു.