കൊച്ചി: നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുറവൂർ സ്വദേശി ഐവിൻ ജിജോയാണ്(24) മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥൻറെ കാറിടിച്ചാണ് അപകടം സംഭവിച്ചത്.
വാഹനത്തിലുണ്ടായിരുന്ന രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ ബിഹാർ സ്വദേശിയും സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായ മോഹൻ കുമാർ ആണ്. മറ്റൊരാളുടെ വിവരങ്ങൾ വ്യക്തമല്ല. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള നായത്തോട് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.
വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥനും ഐവിനും തമ്മിൽ തർക്കം ഉടലെടുത്തു. തർക്കം വാക്കേറ്റത്തിലും കൈയാങ്കളിയിലും എത്തിയതോടെ, ഐവിൻ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി. ഇതിൽ പ്രകോപിതനാക്കിയ ഉദ്യോഗസ്ഥൻ വാഹനം മുന്നോട്ടെടുത്തു എന്നാണ് പൊലീസ് വിശദമാക്കുന്നത്.
മുന്നോട്ടെടുത്ത കാർ ഇടിച്ച് ബോണറ്റിനു മുകളിലേക്കു വീണ ഐവിനെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച ശേഷം മതിലിനോട് ചേർത്ത് ഇടിച്ചു നിർത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിനു പിന്നാലെ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കാറിൽ നിന്ന് ഇറങ്ങി ഓടുകയും മറ്റൊരാൾ നാട്ടുകാരുടെ മർദ്ദനമേറ്റ് അങ്കമാലി ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. നിലവിൽ 2 പേരും കസ്റ്റഡിയിലുള്ളതായി പൊലീസ് അറിയിച്ചു.
വിമാനത്താവളത്തിലെ സിഎഎഫ്എസ് ഷെഫാണ് ഐവിൻ. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്നും കൂടുതൽ അന്വേഷണം നടത്തിയാലെ കേസിൽ വ്യക്തത ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.