Timely news thodupuzha

logo

ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ഇലക്ട്രോണിക്‌സ് സംവിധാനങ്ങൾ മെയ് 17ന് നിലവിൽ വരും

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ (കെ.എസ്.എസ്‌.ടി.എം) ഇലക്ട്രോണിക്‌സ് ഗാലറിയും ഓൺലൈൻ ടിക്കറ്റ് സൗകര്യവുമടക്കമുള്ള സംവിധാനങ്ങൾ മെയ് 17ന് നിലവിൽ വരും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനങ്ങൾക്ക് തുടക്കമാവുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

കെഎസ്എസ്‌ടിഎം പരിഷ്‌കരിച്ച വെബ്സൈറ്റ്, ഓട്ടോമൊബൈൽ സിമുലേഷൻ ഗാലറി, ഭൂഗോളത്തിന്റെ മാതൃക, വിർച്വൽ റിയാലിറ്റി സ്റ്റുഡിയോ എന്നിവ സജ്ജമാക്കിയതിന്റെ ഉദ്ഘാടനവും നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു. ബുധനാഴ്ച രാവിലെ 11നാണ് ഉദ്‌ഘാടനച്ചടങ്ങ്.ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ www.kstmuseum.com എന്ന വെബ്സൈറ്റ് പുതിയ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തി സന്ദർശകർക്ക് ആവശ്യമായ വിവരങ്ങൾ കൃത്യതയിലും വേഗത്തിലും ലഭ്യമാകുന്നതരത്തിൽ പരിഷ്‌കരിച്ചിരിക്കുകയാണ്.

മ്യൂസിയത്തിലെ വിവിധ സംവിധാനങ്ങൾക്കുവേണ്ടിയുള്ള ടിക്കറ്റുകൾ വെബ്സൈറ്റിലൂടെ ഓൺലൈനായി ബുക്ക് ചെയ്യാനാണ് സൗകര്യമുണ്ടാക്കുന്നത്. ഇലക്ട്രോണിക്സിന്റെ അടിസ്ഥാനതത്ത്വങ്ങൾ മുതൽ ആധുനികയുഗത്തിൽ നിത്യജീവിതത്തിൽ ഇലക്ട്രോണിക്സ് വഹിക്കുന്ന പങ്കുവരെ സംവേദകമായ പ്രദർശിനികളിലൂടെ അനുഭവവേദ്യമാക്കുന്നതാണ് ഇലക്ട്രോണിക്‌സ് ഗാലറി.

ഡ്രൈവിംഗ് സിമുലേറ്റർ, സീറ്റ്ബെൽറ്റ്/എയർ ബാഗ് സിമുലേറ്റർ, ഓട്ടോമൊബൈൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതത്ത്വങ്ങൾ പങ്കുവെക്കുന്ന പ്രദർശിനികൾ, ലോകത്തെ ആദ്യ പേറ്റൻഡഡ്‌ മോട്ടോർ വാഹനത്തിന്റെ നിശ്ചലമാതൃക തുടങ്ങി വാഹനകുതുകികൾക്ക് ആകർഷണമാകും തയ്യാറായ ഓട്ടോമൊബൈൽ ഗാലറി. അഞ്ചു മീറ്റർ വ്യാസമുള്ള, മിനിറ്റിൽ ഒരുതവണ ഭ്രമണം ചെയ്യുന്ന ഭൂഗോളമാതൃകയാണ് കൂടെ ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ മറ്റൊരു ശാസ്ത്രമ്യൂസിയത്തിലും ഇല്ലാത്ത ഈ ഭീമൻ ഭൂഗോളമാതൃകയിൽ ടൈം സോണുകൾ ക്ളോക്കുകളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമാകും ഇതെന്ന് മന്ത്രി പറഞ്ഞു.മ്യൂസിയത്തിൽ തയാറാക്കിയിരിക്കുന്ന വിർച്വൽ റിയാലിറ്റി സ്റ്റുഡിയോയും കേരളത്തിന് പുതിയതാകും.

സർക്കാർ സ്ഥാപനമായ എആർ/വിആർ സാങ്കേതികവിദ്യയിൽ സർക്കാർ സ്ഥാപനമായ സി-ഡിറ്റ് തയ്യാറാക്കിയ ഈ പ്രദർശനം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ബഹിരാകാശത്തെയും അനുബന്ധ കാഴ്ചകളെയും അടുത്തറിയാൻ വഴിതുറക്കും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *