Timely news thodupuzha

logo

ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു

ഉടുമ്പന്നൂർ: ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ടം തുടങ്ങി. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഉടുമ്പന്നൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത്പ്രസിഡന്റ് ലതീഷ്.എം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാനവ്യാപകമായി 4 മുതൽ 6 മാസം വരെ പ്രായമുള്ള പശുക്കിടാങ്ങൾക്കും എരുമക്കിടാങ്ങൾക്കും സൗജന്യമായി പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്. ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് പശുക്കുട്ടിക്ക് ജീവിതകാലം മുഴുവൻ പ്രതിരോധശേഷി നൽകും. പശുക്കളിൽ വന്ധ്യത, ഗർഭഛിദ്രം, മറുപിള്ള വീഴാതിരിക്കൽ എന്നിവയ്ക്ക് കാരണമാകുന്ന ബ്രൂസല്ലോസിസ് രോഗം മനുഷ്യരിലും മാരകമായ രോഗം വരുത്തുവാൻ സാധ്യതയുള്ളതിനാൽ രോഗപ്രതിരോധം വളരെ പ്രധാനമാണ്. കുത്തിവെയ്പ് നടത്തുന്ന എല്ലാ കന്നുകുട്ടികളുടെയും ചെവിയിൽ ഇയർടാഗ് ഘടിപ്പിക്കുന്നതായിരിക്കും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ മെമ്പർമാരായ ജോൺസൺ കുര്യൻ, ജിൻസി, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ.ജെസ്സി.സി.കാപ്പൻ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.സാനി തോമസ്, വെറ്ററിനറി സർജൻമാരായ ഡോ.മിനു ജെയിംസ്, ഡോ.അഖിൽ.എ.റ്റി എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ക്യാമ്പയിൻ 19 ന് അവസാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *