തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കി നിശ്ചയിച്ചു. ഇരുചക്രവാഹനങ്ങളുടെ വേഗപരിധി 70 കിലോമീറ്ററിൽനിന്ന് അറുപതാക്കി കുറച്ചു. റോഡപകടങ്ങളിൽപ്പെടുന്നത് കൂടുതലും ഇരുചക്ര വാഹനങ്ങൾ ആയതിനാലാണ് വേഗപരിധി കുറച്ചത്.
മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. മറ്റു വാഹനങ്ങളുടെ വേഗപരിധി ഉയർത്തി. ജൂലൈ ഒന്നുമുതൽ പുതിയ വേഗപരിധി നിലവിൽവരും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.